'അറിവില്ലായ്മ മുതലാക്കി കള്ളക്കേസിൽ കുടുക്കുന്നു'; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി സംഘടനകൾ
|കുറ്റം ചെയ്യാത്തവർ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ടെന്നും വസ്തുത പുറത്ത് കൊണ്ടു വരണമെന്നും ആദിവാസി ഗോത്രമഹാസഭ
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി സംഘടനകൾ. അറിവില്ലായ്മ മുതലാക്കി ആദിവാസികളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് പ്രധാന ആരോപണം. കുറ്റം ചെയ്യാത്തവർ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ടെന്നും വസ്തുത പുറത്ത് കൊണ്ടു വരണമെന്നും ആദിവാസി ഗോത്രമഹാസഭയും ആദിവാസി ഐക്യവേദിയും ആവശ്യപ്പെട്ടു.
ചെയ്യാത്ത കുറ്റത്തിന് തൊണ്ണൂറ്റിയെട്ട് ദിവസത്തെ ജയിൽവാസമനുഭവിക്കേണ്ടി വന്ന ഉപ്പുതറ സ്വദേശി വിനീതാണ് ഒടുവിലത്തെ ഉദാഹരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡി.എൻ.എ പരിശോധനയിലൂടെയാണ് വിനീതിന് നിരപരാധിത്വം തെളിയിക്കാനായത്. കേസിൽ പ്രതിയല്ലാത്ത മറ്റൊരാൾ ഇപ്പോഴും ജയിയിലാണ്. യഥാർത്ഥ പ്രതിയെ പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു. സമാനമായ രീതിയിൽ കഴിഞ്ഞ ജൂണിൽ രാജാക്കാട് പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലും ശിക്ഷിക്കപ്പെട്ടത് നിരപരാധിയാണെന്നാണ് ഇവരുടെ ആരോപണം.
വ്യക്തി വൈരാഗ്യങ്ങളുടെ പേരിൽ പോക്‌സോ കേസുകളിൽ പെടുന്നവരാണ് ഭൂരിഭാഗം ആദിവാസികളെന്നും ഇവർ പറയുന്നു. അതുകൊണ്ടു തന്നെ കൃത്യമായ അന്വേഷണമുണ്ടാകണമെന്നും യഥാർത്ഥ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരണമെന്നുമാണ് ഇവരുടെ ആവശ്യം.