കുവൈറ്റിൽ ആദിവാസി യുവതി നേരിട്ടത് ക്രൂര പീഡനം; അറബിയും ഏജന്റും മർദിച്ചതായി പരാതി
|കടം വാങ്ങിയ ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി
കൊല്ലം: കുവൈത്തിൽ വീട്ടുജോലിക്ക് പോയ കൊല്ലം പത്തനാപുരം സ്വദേശിയായ ആദിവാസി യുവതി നേരിട്ടത് ക്രൂര പീഡനം. തൊഴിലുടമ പതിവായി മർദിച്ചിരുന്നതായും കഴിക്കാൻ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും യുവതി പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയ മുള്ളുമല സ്വദേശി ശാലിനി രണ്ട് മക്കൾക്കും അമ്മയ്ക്കുമൊപ്പം പണി തീരാത്ത വീട്ടിലാണ് താമസം. മക്കളെ പഠിപ്പിക്കണം, വീട് പണി പൂർത്തിയാക്കണം തുടങ്ങിയ സ്വപ്നങ്ങളുമായാണ് ആറു മാസം മുൻപ് കുവൈറ്റിലേക്ക് പോകുന്നത്. പക്ഷേ ശാലിനിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്.
കുളത്തുപ്പുഴ സ്വദേശി മേരിയാണ് വീട്ടുജോലിക്കെന്ന പേരിൽ ഗൾഫിലെത്തിച്ചത്. തൊഴിലുടമയായ അറബിയ്ക്ക് പുറമെ മേരിയും ക്രൂരമായി മർദിച്ചതായി യുവതി പറയുന്നു. നോർക്കാ റൂട്സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലോടെയാണ് മോചനമുണ്ടായത്. നാട്ടിലെത്തിയ ശാലിനി മേരിക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽകി.