Kerala
Tribal youth,Tribal youth from Wayanad found dead in Kotak, latest malayalam news,ആദിവാസി യുവാവ്, വയനാട്ടിൽ നിന്നുള്ള ആദിവാസി യുവാവ് കൊടുകിൽ മരിച്ചു, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

വയനാട്ടിൽ നിന്ന് ജോലിക്ക് പോയ ആദിവാസി യുവാവ് കുടകിൽ മരിച്ച നിലയിൽ

Web Desk
|
22 Sep 2023 9:42 AM GMT

നാല് ദിവസം മുമ്പാണ് ബിനീഷ് കുടകിൽ ജോലിക്ക് പോയത്

കൽപ്പറ്റ: വയനാട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവിനെ കർണാടകയിലെ കുടകിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാവലി സ്വദേശിയായ ഷാണമംഗലം കോളനിയിലെ എം.എസ്. ബിനീഷ് (36) ആണ് മരിച്ചത്.

നാല് ദിവസം മുമ്പാണ് ബിനീഷ് കുടകിൽ ജോലിക്ക് പോയത്. ഇയാള്‍ കുളത്തിൽ മുങ്ങി മരിച്ചെന്ന് ഇന്നലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ മുറിവുകള്‍ ഉണ്ടായിരുന്നെന്നും മുങ്ങി മരിക്കാനുള്ള ആഴം പുഴക്ക് ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഇത് ഞണ്ട് കടിച്ചുണ്ടായ മുറിവാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകനാണ്. സഹോദരങ്ങൾ മനോജ്, ചന്ദ്രൻ, നീതു, നിഷ.

വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് ജോലിക്കുപോയ മറ്റ് മൂന്ന് ആദിവാസികളും അടുത്തിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. കുടകിലെ ആദിവാസി മരണങ്ങളുമായി ബന്ധപ്പെട്ട് മീഡിയവണ്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് വിഷയം സമൂഹശ്രദ്ധയിലെത്തിയത്. ആദിവാസികളുടെ മരണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താനോ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ ജില്ലാ ഭരണകൂടവും നിയമപാലകരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് എ.പി.സി.ആർ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ജൂണിൽ പുൽപ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരൻ, ജൂലൈയിൽ നെന്മേനി കായൽക്കുന്ന് കോളനിയിലെ സന്തോഷ് എന്നിവർ മരിച്ചിരുന്നു. തിരുനെല്ലി കാളിന്ദി കോളനിയിലെ അരുണിനെ മാസങ്ങളായിട്ടും കണ്ടെത്തിയിട്ടില്ല. മരിച്ച ശേഖരൻ്റെ ശരീരത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കുമ്പോൾ ഇല്ലാതിരുന്ന ആഴത്തിലുള്ള മുറിവുകൾ ചൂണ്ടിക്കാട്ടി കുടകിലെത്തുന്ന ആദിവാസികളെ ലക്ഷ്യംവച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും സംഘം ഉയർത്തി.

Similar Posts