Kerala
വീരമൃത്യുവരിച്ച ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി
Kerala

വീരമൃത്യുവരിച്ച ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി

Web Desk
|
1 Dec 2022 2:02 AM GMT

ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തിൽ മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്

പാലക്കാട്: ഛത്തീസ്ഗഢിൽ വീരമൃത്യു വരിച്ച സി.ആർ.പി. എഫ് ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി. ഹക്കീമിന്റെ മൃതദേഹം രാത്രി ഒമ്പതരയോടെ പാലക്കാട്ടെ വീട്ടിലെത്തിച്ചു. വി.കെ ശ്രീകണ്ഠൻ എം.പിയടക്കം നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തിൽ മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണി മുതൽ ഉമ്മിനി ഗവൺമെന്റ് സ്‌കൂളിൽ പൊതുദർശന മുണ്ടാകും. തുടർന്ന് 10 മണിയോടെ ഉമ്മിനി ജുമാമസ്ജിദിൽ ഖബറടക്കും.

ചൊവ്വാഴ്ച രാത്രി വൈകിട്ട് അഞ്ചുമണിയോടെയാണ് സി.ആർ.പി.എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സുക്മ ജില്ലയിൽ സേനയുടെ ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചയോടു കൂടെ ഹക്കീം മരിച്ചു എന്ന സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.

2007 മുതലാണ് മുൻ ഹോക്കിതാരം കൂടിയായ മുഹമ്മദ്ഹക്കീം സി.ആർ.പി.എഫിൽ ചേരുന്നത്. പിന്നീട് സി.ആർ.പി.എഫിന്റെ കോബ്ര യൂണിറ്റിന്റെ ഭാഗമായിരുന്നു.ധോണി സ്വദേശികളായ സുലൈമാൻ - നിലുവർനീസ ദമ്പതികളുടെ മകനാണ് ഹക്കീം. സി.ആർ.പി.എഫ് സെക്കൻഡ് സിഗ്‌നൽ ബറ്റാലിയനിൽ റേഡിയോ ഓപ്പറേറ്ററായിരുന്നു ഹക്കീം. രണ്ട് മാസം മുന്പാണ് ഹക്കീം നാട്ടിൽ നിന്ന് മടങ്ങിയത്.

Similar Posts