മൂന്ന് തെരഞ്ഞെടുപ്പിലും കൂടെ നിന്ന തൃക്കാക്കര യു.ഡി.എഫ് നിലനിർത്തുമോ ? ഭരണനേട്ടം ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാൻ എൽ.ഡി.എഫ്
|കൊച്ചി കോർപ്പറേഷന്റെ ചില വാർഡുകളും, തൃക്കാക്കാര നഗരസഭയും ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം
എറണാകുളം: 2008 ലെ മണ്ഡല പുനർ നിർണായതോടെയാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മണ്ഡലം തങ്ങൾക്ക് ഒപ്പം നിന്നതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിന് ഉള്ളത്. എന്നാൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇക്കുറി എൽ.ഡി.എഫ്.
കൊച്ചി കോർപ്പറേഷന്റെ ചില വാർഡുകളും, തൃക്കാക്കാര നഗരസഭയും ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം. 2008 ൽ മണ്ഡലം രൂപീകൃതമായെങ്കിലും, ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. യു.ഡി.എഫിന്റെ സ്ഥാനാർഥിയായ ബെന്നി ബെഹനാൻ നേരിടാൻ എൽ.ഡി.എഫ് ഇറക്കിയത് നാട്ടുകാരനായ ഈ എം ഹസൈനാരെയാണ്. 22406 വോട്ടിന്റെ ഭൂരിപക്ഷതോടെയാൻ ബെന്നി ബഹനാൻ മണ്ഡലം പിടിച്ചത്. 55.88 ശതമാനം വോട്ടുകൾ യു.ഡി.എഫ് പെട്ടിയിൽ വീണപ്പോൾ 36.87 ശതമാനം വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് പിടിക്കാനായത്.
പിന്നീട് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ തന്നെ തൃക്കാക്കര തുണച്ചു. 17314 വോട്ടിന്റെ ഭൂരിപക്ഷം നൽകികൊണ്ടാണ് കെ വി തോമസിനെ ലോക്സഭയിലേക്ക് അയച്ചത്. എന്നാൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലം ഏറെ രാഷ്ട്രീയ ചരട് വലികൾക്ക് സാക്ഷിയായി. സിറ്റിങ് എം.എൽ.എയ്ക്ക് പകരം പി ടി തോമസായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ഭൂരിപക്ഷം 11996 ആയി കുറഞ്ഞെങ്കിലും, ജയം പിടിച്ചു. 45.42 ശതമാനം വോട്ടുകൾ യുഡിഎഫും,36 ശതമാനം വോട്ട് എൽഡിഎഫും സ്വന്തമാക്കി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനും വ്യക്തമായ ഭൂരിപക്ഷം നൽകി തൃക്കാക്കര. ഭരണതുടർച്ചയുടെ അലയടി കേരളമൊട്ടാകെ അടിച്ച 2021ലും തൃക്കാക്കര യു.ഡി.എഫിന് ഒപ്പം നിന്നു. രണ്ടാം അങ്കത്തിനിറങ്ങിയ പി.ടിയെ തളക്കാൻ ഡോ.ജെ ജേക്കബ് എന്ന സ്വതന്ത്രനെ നിർത്തി എൽ.ഡി.എഫ് നടത്തിയ പരീക്ഷണവും പരാജയപ്പെട്ടു. 14,329 എന്ന സംഖ്യയിലേക്ക് പി.ടി യുടെ ഭൂരിപക്ഷം ഉയർന്നു. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയർത്തി ബി.ജെ.പിയും കരുത്തു കാട്ടുന്നു. ഒപ്പം ട്വന്റി - ട്വന്റിയും കൂടി മത്സര രംഗത്തേക്ക് വരുമ്പോൾ തൃക്കാക്കരയിൽ തീപാറും എന്ന് ഉറപ്പ്.