Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സഭകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സഭകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

Web Desk
|
7 May 2022 12:38 AM GMT

അതിരൂപതയുടെയല്ല കര്‍ദിനാളിന്‍റെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫെന്ന് അല്‍മായ മുന്നേറ്റം

എറണാകുളം: സിറോ മലബാര്‍ സഭ നേതൃത്വവും എറണാകുളം അങ്കമാലി അതിരൂപതയും തമ്മിലുള്ള ഭിന്നിപ്പ് തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കും വ്യാപിക്കുന്നു. എറണാകുളം അതിരൂപതയുടെ അഭിമാനമായ ലിസി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനാല്‍ ജോ ജോസഫിനെ സഭയുടെ തലയില്‍ കെട്ടിവെക്കാമെന്ന് കരുതേണ്ടതില്ലെന്ന് അല്‍മായ മുന്നേറ്റം പ്രതികരിച്ചു. അതിരൂപതയുടെയല്ല കര്‍ദിനാളിന്‍റെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫെന്നാണ് അല്‍മായ മുന്നേറ്റത്തിന്‍റെ ആരോപണം.

കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍‌ക്കത്തില്‍ രൂപപ്പെട്ട സിറോ മലബാര്‍ സഭയിലെ ഭിന്നിപ്പ് അതേപടി തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ജോ ജോസഫ് സഭ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നോമിനിയാണെന്ന ആരോപണം കര്‍ദിനാളിനെ എതിര്‍ക്കുന്ന വിശ്വാസികള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. കര്‍ദിനാളിന്‍റെ സ്ഥാനാര്‍ഥിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കേണ്ടതില്ലെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ പ്രതികരണം. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പൊലീസ് കാവലില്‍ കര്‍ദിനാളിന് ബസലിക്ക പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ സാഹചര്യമൊരുക്കിയത് ചൂണ്ടി കാട്ടിയാണ് വിമര്‍ശനം. ഇത് അതിരൂപതയിലെ വിശ്വാസികള്‍ക്കുണ്ടാക്കിയ മുറിവ് വലുതാണെന്നും ഈ മുറിവിന് ഉപതെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ മറുപടി പറയുമെന്നും അല്‍മായ മുന്നേറ്റം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

സഭ സ്ഥാപനമായ ലിസ്സി ഹോസ്പിറ്റലിന്‍റെ ലോഗോയുടെ മുന്നിൽ വെച്ച് പത്രസമ്മേളനം നടത്തിയത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ പാപ്പരത്തം ആണെന്നും അല്‍മായ മുന്നേറ്റം വിമര്‍ശിച്ചു. ജോ ജോസഫിനെതിരെ അതിരൂപതയുടെ വിവിധ സംഘടനകളുടെ പേരില്‍ സോഷ്യല്‍ മീഡിയ പ്രചാരണവും ശക്തമാവുകയാണ്. ജോ ജോസഫിന് പിന്നില്‍ സഭയുടെ ഇടപെടല്‍ ആരോപിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമാണെന്ന വിശദീകരണവുമായി സഭ നേതൃത്വം ഇന്നലെ രംഗത്തെത്തിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ജോ ജോസഫിനെതിരെ പരസ്യമായി നിലപാടെടുത്തത് എല്‍ഡിഎഫ് നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. പ്രശ്നം രൂക്ഷമാകാതെ പരിഹരിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുക. സഭയിലെ ഒരു വിഭാഗം തന്നെ ജോ ജോസഫിനെതിരെ രംഗത്തെത്തിയതിനാല്‍ സഭ സ്ഥാനാര്‍ഥിയെന്ന ആരോപണം പരസ്യമായി ഉന്നയിക്കാതെ മുന്നോട്ട് പോകാനാണ് യുഡിഎഫ് ശ്രമം.

Similar Posts