Kerala
തൃക്കാക്കര കോൺഗ്രസിന് നൽകുന്നത് പുതുജീവൻ; ഫലംകണ്ടത് അടിത്തട്ടിലെ പ്രവർത്തനം
Kerala

തൃക്കാക്കര കോൺഗ്രസിന് നൽകുന്നത് പുതുജീവൻ; ഫലംകണ്ടത് അടിത്തട്ടിലെ പ്രവർത്തനം

Web Desk
|
4 Jun 2022 1:13 AM GMT

ഗ്രൂപ്പിന്റെ അതിപ്രസരവും, പരസ്പര കാലുവാരലുമില്ലങ്കിൽ ഉഗ്രൻ വിജയം നേടാനാകുമെന്ന് കാണിച്ച് തരുകയാണ് കോൺഗ്രസ്. മുമ്പൊരിക്കലും കാണാത്ത തരത്തിൽ അടിത്തട്ടിൽ പ്രവർത്തനം നടന്നതാണ് കൂറ്റൻ ഭൂരിപക്ഷത്തിന് കാരണം.

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്നത് പുതുജീവൻ. നിയമസഭ തെരഞ്ഞെടുപ്പിൽ അകന്ന് നിന്ന ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾ യുഡിഎഫിന് ഒപ്പം വന്നുവെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. സിപിഎമ്മിനെ വെല്ലുന്ന തരത്തിൽ സംഘടനാ സംവിധാനങ്ങൾ ചലിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഉമ തോമസിലൂടെ കോൺഗ്രസ്.

ഗ്രൂപ്പിന്റെ അതിപ്രസരവും, പരസ്പര കാലുവാരലുമില്ലങ്കിൽ ഉഗ്രൻ വിജയം നേടാനാകുമെന്ന് കാണിച്ച് തരുകയാണ് കോൺഗ്രസ്. മുമ്പൊരിക്കലും കാണാത്ത തരത്തിൽ അടിത്തട്ടിൽ പ്രവർത്തനം നടന്നതാണ് കൂറ്റൻ ഭൂരിപക്ഷത്തിന് കാരണം. നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ക്രിസ്ത്യൻ, മുസ്‌ലീം വോട്ടുകൾ കൈവിട്ടു പോകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലന്ന് വിളിച്ച് പറയുന്നുണ്ട് തൃക്കാക്കരയിലെ ജനവിധി. യുവ എംഎൽഎമാരുടെയും നേതാക്കളുടെയും തോളോട് തോൾ ചേർന്നുള്ള പ്രവർത്തനം കോൺഗ്രസിൽ പുതുമയില്ലാത്തതാണ്. തൃക്കാക്കര വിജയത്തിൽ ആവേശം ഉൾക്കൊണ്ട് അതേ മാതൃകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം നേതൃതലത്തിലുണ്ട്.

കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിനുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഇവർക്കെതിരെ പാർട്ടിക്കുള്ളിൽനിന്ന് തന്നെ വിമർശനമുയർന്നിരുന്നു. എന്നാൽ എ.കെ ആന്റണി മുതൽ മുതിർന്ന നേതാക്കളെയും സാധാരണ പ്രവർത്തകരെയും ഒരുമിച്ച് അണിനിരത്ത് പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായി. ഘടകകക്ഷി നേതാക്കളും പ്രവർത്തകരും തൃക്കാക്കരയിൽ വലിയ പിന്തുണയാണ് കോൺഗ്രസിന് നൽകിയത്.

കോൺഗ്രസിൽ നിന്ന് ഒരു വനിതാ എംഎൽഎ കൂടി വരുന്നതിന്റെ ആവേശം നിയമസഭയിൽ പ്രതിപക്ഷ ബെഞ്ചിനുണ്ടാകും. നിലവിൽ കെ.കെ രമ മാത്രമാണ് പ്രതിപക്ഷത്തെ ഏക വനിതാ എംഎൽഎ.


Similar Posts