മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടിറങ്ങിയിട്ടും കനത്ത തോൽവി; തൃക്കാക്കരയിലെ തോൽവി വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനം
|യുഡിഎഫിന്റെ കുത്തക മണ്ഡലം തിരിച്ച് പിടിക്കുമെന്ന് പറഞ്ഞ് പാർട്ടി നേതൃനിരയും മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും തൃക്കാക്കരയിൽ തമ്പടിച്ചപ്പോൾ ചെറിയ പ്രതീക്ഷ സിപിഎം നേതൃത്വത്തിനുണ്ടായിരിന്നു. പ്രദേശിക നേതൃത്വം നൽകിയ കണക്ക് പ്രകാരം ചെറിയ വോട്ടുകൾക്ക് മാത്രമായിരുന്നു പാർട്ടി പുറകിലുണ്ടായിരുന്നത്.
കൊച്ചി: തൃക്കാക്കരയിലെ തോൽവി വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ബൂത്ത് തലത്തിൽ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതിരുന്നത് വിശദമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. തോൽവിയെക്കാൾ, തോറ്റ രീതിയാണ് സിപിഎമ്മിന് കൂടുതൽ തിരിച്ചടിയായത്. സർക്കാറിന്റെ സിൽവർ ലൈൻ സ്വപ്നങ്ങളുടെ വേഗം കുറയ്ക്കാനും ഈ പരാജയം കാരണമാകും.
യുഡിഎഫിന്റെ കുത്തക മണ്ഡലം തിരിച്ച് പിടിക്കുമെന്ന് പറഞ്ഞ് പാർട്ടി നേതൃനിരയും മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും തൃക്കാക്കരയിൽ തമ്പടിച്ചപ്പോൾ ചെറിയ പ്രതീക്ഷ സിപിഎം നേതൃത്വത്തിനുണ്ടായിരിന്നു. പ്രദേശിക നേതൃത്വം നൽകിയ കണക്ക് പ്രകാരം ചെറിയ വോട്ടുകൾക്ക് മാത്രമായിരുന്നു പാർട്ടി പുറകിലുണ്ടായിരുന്നത്. പ്രചണ്ഡമായ പ്രചാരണം നടന്നതുകൊണ്ട് നേതൃത്വം ഇത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷിച്ച അട്ടിമറി നടന്നില്ലെന്ന് മാത്രമല്ല, കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. അനുകൂലമെന്നു കരുതിയ ഘടകങ്ങളെല്ലാം തിരിച്ചടിച്ചത് അവിശ്വസനീയതയോടെ നേതൃത്വം തിരിച്ചറിഞ്ഞു. തോൽവി എന്നതിനപ്പുറം റെക്കോർഡ് ഭൂരിപക്ഷം യുഡിഎഫിന് കിട്ടിയതും നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബൂത്ത് തലത്തിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാത്തത് വിശദമായി പരിശോധിക്കാനാണ് തീരുമാനം.
വികസന മന്ത്രം ജനം തിരസ്കരിച്ചെന്ന ആശങ്ക പാർട്ടിയുടെ ഉറക്കം കെടുത്തും. സിൽവർ ലൈൻ പദ്ധതിക്ക് ജനം എതിരെന്ന വിമർശനം മറികടക്കുകയും എളുപ്പമല്ല. അതുകൊണ്ടാണ് എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന നിലപാടിൽ നിന്ന് കേന്ദ്രാനുമതി കിട്ടിയാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലേക്ക് സിപിഎം എത്തിയതും. കഴിഞ്ഞ തവണത്തെ തോൽവിയുടെപേരിൽ നിരവധി മുതിർന്ന നേതാക്കൾക്കെതിരെ നടപടിയെടുത്തത് കൊണ്ട് ഉടനടി വീണ്ടുമൊരു നടപടിയെടുക്കൽ സിപിഎമ്മിന് എളുപ്പമല്ല. കൂടാതെ കെ.വി തോമസിനെ ഇനി എങ്ങനെ ഉൾക്കൊള്ളുമെന്നതും ചോദ്യചിഹ്നമാവും.