തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം.സ്വരാജ് സുപ്രിം കോടതിയിൽ തടസ ഹരജി നൽകി
|തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ.ബാബു എം.എൽ.എക്ക് നേരത്തേ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു
കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എം.സ്വരാജ് സുപ്രിം കോടതിയിൽ തടസ ഹരജി നൽകി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ. ബാബു ഹരജി സമർപ്പിച്ചാൽ തന്റെ ഭാഗം കേൾക്കണമെന്നാണ് ഹരജി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ.ബാബു എം.എൽ.എക്ക് നേരത്തേ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു.
ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യർത്ഥിച്ചതെന്നുമാണ് ഹരജിയിൽ എം. സ്വരാജ് ആരോപിച്ചത്.
അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പ് സ്ഥാനാർഥി ഉപയോഗിച്ചെന്നും തെളിവ് സഹിതം സ്വരാജ് കോടതിയെ ധരിപ്പിച്ചിരുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഹരജിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ്.
എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചു, മതിലിൽ പ്രചാരണ വാചകങ്ങൾ എഴുതി എന്ന സ്വരാജിന്റെ ഹരജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കെ.ബാബുവിന്റെ തടസ ഹരജി കോടതി തള്ളിയെങ്കിലും സ്വരാജിന്റെ ഹരജിയിൽ മറുപടി സത്യവാങ്മൂലം കെ. ബാബുവിന് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാം. വിധി തിരിച്ചടി അല്ലെന്ന് കെ.ബാബു പറഞ്ഞു.