തൃശൂർ സ്‌കൂളിലെ വെടിവെപ്പ്: പ്രതി ജഗന് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും
|ജഗൻ മാനസികരോഗിയാണെന്ന് പൊലീസ് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു.
തൃശൂർ: വിവേകോദയം സ്‌കൂളിൽ വെടിവെപ്പ് നടത്തിയ പ്രതി ജഗന് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ജഗൻ മാനസികരോഗിയാണെന്ന് പൊലീസ് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു. ജഗൻ രണ്ടു വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ചികിത്സാ രേഖകളും ഹാജരാക്കി.
ഇന്ന് രാവിലെയാണ് ജഗൻ സ്‌കൂളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തി വെടിയുതിർത്തത്. രണ്ട് അധ്യാപകരുടെ പേര് എടുത്തുപറഞ്ഞ്, തന്റെ ഭാവി ഈ അധ്യാപകർ തകർത്തുവെന്ന് പറഞ്ഞായിരുന്നു ജഗൻ ആക്രമണം നടത്തിയത്. തിരനിറയ്ക്കാത്ത എയർ പിസ്റ്റലാണ് ജഗൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയ ജഗൻ സ്‌കൂൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകർക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് വരാറുള്ളതുപോലെയാണ് ജഗനും എത്തിയതെന്നാണ് അധ്യാപകർ കരുതിയിരുന്നത്. സ്റ്റാഫ് റൂമിലെത്തിയ ഇയാൾ അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽനിന്ന് എയർ ഗൺ എടുത്ത് അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് മൂന്നു തവണ വെടിയുതിർത്തത്.