തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി; വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി
|അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി . റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും . അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.
കുടിവെള്ള പ്രശ്നത്തിന് ആറാംദിവസത്തിലും പൂർണമായി പരിഹാരം കണ്ടെത്താനായിട്ടില്ല. മലമുകൾ, കാച്ചാണി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിയില്ല. ഉ യർന്ന പ്രദേശങ്ങളിലെ പൈപ്പുകളിൽ ഉണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളം എത്താൻ വൈകാനുള്ള കാരണമെന്താണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. എന്നാൽ നിലവിൽ വെള്ളമില്ലാത്തതുമായി ബന്ധപ്പെട്ട പരാതികൾ ആരും അറിയിക്കുന്നില്ലന്ന് നഗരസഭ അറിയിച്ചു. വെള്ളത്തിന് ആവശ്യമുള്ളവർ കൺട്രോൾ റൂം നമ്പർ മുഖേന ബന്ധപ്പെട്ടാൽ വെള്ളമെത്തിക്കാനുള്ള സൗകര്യങ്ങൾ തയ്യാറാണെന്നും മേയർ വ്യക്തമാക്കി.
കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. കുടിവെള്ളം കിട്ടാതെ വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങൾ. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടുന്നില്ല. ഭക്ഷണം ഉണ്ടാക്കാൻ പോലും വെള്ളമില്ലാതെ വലയുകയാണ് ജനം.
കുടിവെള്ളം മുടങ്ങിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. 'സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിൽ ആകെ കുടിവെള്ള വിതരണം മുടങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.