ബാരിക്കേഡ് കടലിൽ തള്ളി, വള്ളം കത്തിച്ചു; കരയും കടലും വളഞ്ഞ് വിഴിഞ്ഞം സമരം
|മരണം വരെ പോരാടുമെന്ന് മൽസ്യത്തൊഴിലാളികൾ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു. സമരം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് തീരദേശവാസികൾ. പദ്ധതിപ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. കുടിലുകെട്ടി പ്രതിഷേധം നടത്തുമെന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്തപ്പോൾ വള്ളങ്ങളിൽ പ്രതിഷേധം നടത്താനുള്ള ഒരുക്കത്തിലായിരുന്നു മറ്റൊരു കൂട്ടർ.
കരയും കടലും ഒരുപോലെ പ്രതിഷേധത്തിന് വേദിയാക്കിയിരിക്കുകയാണ് തീരദേശവാസികൾ. ഇതിനിടെ ഒരുകൂട്ടം ആളുകൾ പോലീസ് ബാരിക്കേഡ് ചുമന്നുകൊണ്ടുപോയി കടലിലെറിഞ്ഞു. എത്ര ബാരിക്കേഡ് കെട്ടിയുയർത്തിയാലും തങ്ങളെ തടയാനാകില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് മൽസ്യത്തൊഴിലാളികൾ ബാരിക്കേഡ് കടലിൽ തള്ളിയത്. വൻ സന്നാഹമുണ്ടായിട്ടും ഇത് നോക്കിനിൽക്കുക മാത്രമായിരുന്നു പോലീസ്.
ലക്ഷക്കണക്കിന് ആളുകളെയാണ് തുറമുഖ നിർമാണം ബാധിക്കുക. അതിനാൽ മരണം വരെ പോരാടാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. 'പട്ടയം കൊടുക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഞങ്ങൾക്കും ജീവിക്കണം, അദാനിക്ക് ഒരുപിടി മണ്ണുപോലും വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ ഉപജീവന മാർഗം ഈ കടലും തീരവുമാണ്. ഇത് വിട്ട് എങ്ങും പോകില്ല'; മൽസ്യത്തൊഴിലാളികൾ പറഞ്ഞു.
മുന്നോട്ടുവെച്ച ആവശ്യങ്ങളോട് സർക്കാർ അനുഭാവപൂർവമായ സമീപനം എന്ന് സ്വീകരിക്കുന്നുവോ അന്ന് മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും സമരക്കാർ വ്യക്തമാക്കി. ആയിരത്തിലേറെ ആളുകൾ കരയിൽ പ്രതിഷേധിക്കുമ്പോൾ അഞ്ഞൂറിലധികം പേർ കടലിൽ വള്ളങ്ങളിൽ പ്രതിഷേധം തീർക്കുകയാണ്. ഇതിനിടെ കടലിൽ സമരക്കാർ വള്ളം കത്തിച്ചു. ഉപജീവന മാർഗം നഷ്ടപ്പെട്ടാൽ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യത്തോടെയായിരുന്നു സമരക്കാർ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചത്.
രാവിലെ 8.30ന് തുടങ്ങിയ സമരം വൈകിട്ട് 5.30 വരെ തുടരുമെന്നാണ് വിവരം. ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. തീരശോഷണത്തിന് ശാശ്വത പരിഹാരം ഉൾപ്പടെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി സമരം നടത്തുന്നത്.
തുടർന്ന് ആഗസ്ത് 16ന് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ സമരപ്പന്തൽ കെട്ടി. തുറമുഖ നിർമാണം തുടങ്ങിയപ്പോൾ മുതൽ കാണാത്ത സമരരീതിയാണ് പിന്നീട് കണ്ടത്.പ്രതിഷേധക്കാർ പലതവണ തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്ത് കടന്നുകയറി കൊടിനാട്ടി. അതീവ സുരക്ഷാ മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് പ്രതിഷേധക്കാർ ഇരച്ചുകയറി. ഇതുവരെ കണ്ടിട്ടില്ലാത്ത സമരരീതിക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
ഇതിനിടെ തുറമുഖ നിർമാണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഇതിനെതിരെ ലത്തീൻ അതിരൂപതയും ഹരജി നൽകി. തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത് കോടതിയുടെ പരിഗണനയിലാണ്.