ചാടിപ്പോയ കുരങ്ങുകൾ തിരിച്ചെത്തിയില്ല; തിരുവനന്തപുരം മൃഗശാലയ്ക്ക് നാളെ അവധി
|കുരങ്ങുകൾ കൂട്ടിൽ കയറിയാൽ സന്ദർശകരെ അനുവദിക്കും.
തിരുവനന്തപുരം: ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെയെത്താത്ത സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് നാളെ അവധി.
മനുഷ്യ സാന്നിധ്യം ഉണ്ടായാൽ കുരങ്ങുകൾ തിരിച്ചെത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്.
മൂന്ന് കുരങ്ങുകളും മൃഗശാല വളപ്പിലെ മരത്തിൽ തുടരുകയാണ്. ഇന്ന് പകൽ ഇടയ്ക്ക് താഴേക്ക് ഇറങ്ങിയ കുരങ്ങുകൾ മനുഷ്യരെ കണ്ടതോടെ തിരിച്ചു കയറിയിരുന്നു. ഇതിനെ തുടർന്നാണ് നാളെ സന്ദർശകരെ ഒഴിവാക്കാൻ തീരുമാനിച്ചത്.
കുരങ്ങുകൾ കൂട്ടിൽ കയറിയാൽ സന്ദർശകരെ അനുവദിക്കും. കുരങ്ങുകൾ രാത്രിയോടെ കൂട്ടിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇന്ന് രാവിലെയാണ് മൃഗശാലയിലെ മൂന്ന് പെൺകുരങ്ങുകൾ കൂടിനു വെളിയിൽ ചാടിയത്. കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിക്കാനുള്ള ശ്രമം അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തുപോയിട്ടില്ലെന്ന് മൃഗശാലാ ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞിരുന്നു.
കുരങ്ങുകൾ പുറത്തേക്ക് പോവാൻ സാധ്യതയില്ല. ആൺകുരങ്ങ് കൂട്ടിനുള്ളിൽ ഉണ്ട്. അതിനാൽ കുരങ്ങുകൾ തിരികെ വരാനാണ് സാധ്യത കൂടുതൽ. കുരങ്ങുകൾ തമ്മിൽ ആശയവിനിമയവും ഉണ്ട്. അതിനാൽ സ്വാഭാവികമായും പെൺകുരങ്ങുകൾ കൂട്ടിൽ തിരിച്ചെത്തുമെന്നും അവർ പറഞ്ഞിരുന്നു.
ഒന്നരവർഷം മുമ്പും ഇതേ രീതിയിൽ കുരങ്ങ് ചാടിപ്പോയിരുന്നു. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാൻ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. പിന്നീട് പിടികൂടുകയും ചെയ്തു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽനിന്ന് എത്തിച്ചതായിരുന്നു ഈ കുരങ്ങ്.