മെട്രോ ഓടും: തിരുവനന്തപുരം,കോഴിക്കോട് പദ്ധതി രൂപരേഖ ഒമ്പത് മാസത്തിനകം
|കോഴിക്കോട് 26കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൂരത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക
തിരുവനന്തപുരം: തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതിയുടെ വിശദമായ രൂപരേഖ നാലു മാസത്തിനകം തയ്യാറാകുമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ. ഇരുനഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയതിന് ശേഷമേ അനുയോജ്യമായ മെട്രോ ഏതെന്ന് തീരുമാനിക്കാനാവൂ എന്നും സാങ്കേതിക സംഭവങ്ങൾ അനുകൂലമായാൽ ഒക്ടോബറിൽ വാട്ടർ മെട്രോ ആരംഭിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളിൽ മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണമുൾപ്പടെയുള്ള കാര്യങ്ങളാണ് സമഗ്ര ഗതാഗത പദ്ധതിയിൽ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റ് മെട്രോ,നിയോ മെട്രോ ഇതിലേതെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
കോഴിക്കോട് 26കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൂരത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക. പരമ്പരാഗത മെട്രോയാണെങ്കിൽ ഇരുനൂറ് കോടിയും ലൈറ്റ് മെട്രോക്ക് 180 കോടിയും നിയോ മെട്രോക്ക് 60 കോടിയുമാണ് ചിലവ് വരിക. വാട്ടർ മെട്രോക്ക് വേണ്ടി ഷിപ്പ് യാർഡ് നാല് ബോട്ടുകൾ നിർമിച്ച് കൈമാറിയിട്ടുണ്ട്.
അഞ്ചാമത്തെ ബോട്ട് കൂടി ലഭിച്ചാൽ ഒക്ടോബറിൽ ഒരു പാതയെങ്കിലും വാട്ടർ മെട്രോ ആരംഭിക്കാനാവുമെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.