'ചിപ്പിന്റെ ചാർജ് തീർന്നതുകൊണ്ടാണ്'; 2000 രൂപ നോട്ട് പിൻവലിക്കലിൽ ട്രോൾ മഴ
|നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും.
രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിക്കുകയും വിനിമയം നിർത്തുകയും ചെയ്ത റിസർവ് ബാങ്ക് നടപടിയിൽ ട്രോൾ മഴ. നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും. ചിപ്പിന്റെ ചാർജ് തീർന്നതു കൊണ്ടാണ് നോട്ട് പിൻവലിക്കുന്നതെന്നും ചാർജ് ചെയ്തിട്ട് വീണ്ടും ഇറക്കുമെന്നും ട്രോളന്മാർ പറയുന്നു.
'അടുത്തത് ക്യാമറ ഉള്ള നോട്ടാണ് ഇറക്കുന്നത്, അതാവുമ്പോ വീഡിയോ കോളും ചെയ്യാമല്ലോ', 'ഇനി എഐ ക്യാമറയുള്ള നോട്ടാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്' എന്നും പലരും ട്രോളുന്നുണ്ട്. 2000 രൂപ നോട്ടിന് മുകളിൽ നേന്ത്രവാഴക്കാ ചിപ്പ്‌സ് വച്ച ചിത്രം ഷെയർ ചെയ്തും ട്രോളുകളുണ്ട്.
'നോട്ടിലെ ചിപ്പ്‌സ് ഉറുമ്പ് തിന്നതാണ് കാരണം', 'ചിപ്പുകളെല്ലാം ഏത് ശാഖയിലാണാവോ ഏല്പിക്കേണ്ടത്?', '2,000 പകരം മോദി ജി ഇനി ഇറക്കാൻ പോകുന്നത് ട്രാൻസ്‌ഫോർമർ പിടിപ്പിച്ച 5,000ന്റെ നോട്ട്, 'മോദിജിയുടെ ബുദ്ധിപരമായ മറ്റൊരു നീക്കം', 'ചിപ്പുള്ള നോട്ടുകൾ ഭൂമിക്കടിയിൽ 120 മീറ്റർ വരെ ആഴത്തിൽ സൂക്ഷിച്ചാലും പിടിക്കപ്പടുന്ന സാറ്റലൈറ്റിന് പറ്റിയ തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ പിൻവലിക്കൽ.. റിപ്പയർ ചെയ്യുന്ന സമയം കൊണ്ട് ആരും ഈ രാജ്യത്തേക്ക് കള്ളപ്പണം ഒഴുക്കേണ്ടന്ന് കരുതിയാണ് ഈ തീരുമാനം'- എന്നൊക്കെയാണ് മറ്റു ചിലരുടെ കമന്റുകൾ.
'ചിപ്പ് ചാർജ് ചെയ്യാനാണ്, ആറ് വർഷത്തോളമായില്ലേ എക്കോണമിയിൽ കിടന്ന് കറങ്ങുന്നു. ചാർജ് തീരുന്നത് സ്വാഭാവികം', 'മിതമായ നിരക്കിൽ ചിപ്പ് ഏറ്റെടുക്കുന്നു', 'ചിപ്പുകൾ ആക്രിവിലയ്ക്ക് എടുക്കുന്നതായിരിക്കും', 'ആരും ചിരിക്കണ്ട. രാജ്യത്ത് ആദ്യമായി ജിഹാദികളെ കണ്ടെത്താനായി ചിപ്പ് ഘടിപ്പിച്ച നോട്ട് ചില സാങ്കേതിക തടസം കൊണ്ട് പിൻവലിച്ചത് ആണ് ഇനി അടുത്തത് ഇതിനേക്കാൾ അഡ്വാൻസ് ആയിട്ടുള്ളത് ചിപ്പ് മാത്രമല്ല ക്യാമറയും സംസാരിക്കുന്നത് വരെ പിടിച്ചു എടുക്കുവാൻ നോട്ടുകൾ മോഡിജി ഇറക്കും. ഇറക്കിയിരിക്കും'... എന്നിങ്ങനെ പോവുന്നു ട്രോളുകൾ...
2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്തംബർ 30 വരെ ഉപയോഗിക്കാം.
മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. എന്നാൽ നോട്ടുനിരോധനം പരാജയമായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് 2000 രൂപ നോട്ടുകളുടെ പിൻവലിക്കൽ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.