'മേക്കപ്പിടാത്ത റാണി സോയ മൊയി യഥാർഥ കലക്ടറല്ല'; വാട്സ്ആപ്പ് സന്ദേശത്തിന്റെ യാഥാർഥ്യമിതാണ്
|കുറിപ്പിനോടൊപ്പം ഷൈനമോളുടെ ചിത്രവും ചേർത്തതോടെയാണ് യഥാർഥ സംഭവമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. നല്ല സന്ദേശമുള്ള കുറിപ്പെന്ന രീതിയിൽ പ്രമുഖരടക്കം ഇത് ഷെയർ ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമായതോടെ പലരും അവരുടെ പേജിൽനിന്ന് പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്.
മേക്കപ്പിടാത്ത മലപ്പുറം കലക്ടറുടെ കഥ ഏതാനും ദിവസങ്ങളായി സമൂഹമാധ്യങ്ങളിൽ വൈറലാണ്. 'കലക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്?' എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശം പ്രചരിച്ചത്. നേരത്തെ മലപ്പുറം കലക്ടറായി സേവനമനുഷ്ഠിച്ച ഷൈന മോളുടെ ചിത്രത്തോടൊപ്പമാണ് ഈ പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഹക്കീം മൊറയൂർ ഏഴുതിയ 'മൂന്ന് പെണ്ണുങ്ങൾ' എന്ന കഥാസമാഹാരത്തിലെ 'തിളങ്ങുന്ന മുഖങ്ങൾ' എന്ന കഥയാണ് പലതരത്തിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത്.
ഝാർഖണ്ഡുകാരിയും മലപ്പുറം ജില്ല കലക്ടറുമായ റാണി സോയ മോയി എന്ന ഐ.എ.എസുകാരി കോളജ് വിദ്യാർഥികളോട് സംവദിക്കുന്നതിനിടെ അവരോട് മേക്കപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ഝാർഖണ്ഡിലെ സ്വന്തം ജീവിത സാഹചര്യം വിശദീകരിക്കുന്നതാണ് കുറിപ്പ്. ഖനികളിൽ കുട്ടികൾ ജോലി ചെയ്യുന്നതിന്റെ ദയനീയാവസ്ഥയും തന്റെ ബാല്യകാലത്ത് താനും സഹോദരി സഹോദരൻമാരും അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെനിന്ന് കുഴിച്ചെടുക്കുന്ന മൈക്ക ഉപയോഗിച്ചാണ് മേക്കപ്പ് സാധനങ്ങളുണ്ടാക്കുന്നതെന്നുമൊക്കെ കലക്ടർ വിദ്യാർഥികളോട് പറയുന്നുണ്ട്.
കുറിപ്പിനോടൊപ്പം ഷൈനമോളുടെ ചിത്രവും ചേർത്തതോടെയാണ് യഥാർഥ സംഭവമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. നല്ല സന്ദേശമുള്ള കുറിപ്പെന്ന രീതിയിൽ പ്രമുഖരടക്കം ഇത് ഷെയർ ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമായതോടെ പലരും അവരുടെ പേജിൽനിന്ന് പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, യാഥാർഥ്യമറിയാതെ ഇത് ഷെയർ ചെയ്യുന്നവരുമുണ്ട്. പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി കഥാകൃത്ത് ഹക്കീം മൊറയൂരും രംഗത്തുവന്നിട്ടുണ്ട്. തന്റെ കഥ ദുരുപയോഗം ചെയ്യരുതെന്ന് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
2016 ഏപ്രിൽ മുതൽ നവംബർ വരെയാണ് ഷൈന മോൾ ജില്ല കലക്ടറായി മലപ്പുറത്ത് സേവനമനുഷ്ഠിച്ചത്. സുമന എൻ. മേനോനാണ് ജില്ലയിൽ സേവനമനുഷ്ഠിച്ച മറ്റൊരു വനിത കലക്ടർ.
ഹക്കീം മൊറയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മൂന്ന് പെണ്ണുങ്ങൾ എന്ന എന്റെ കഥാ സമാഹാരത്തിലെ തിളങ്ങുന്ന മുഖങ്ങൾ എന്ന കഥ എടുത്തു സ്വന്തം രീതിയിൽ ഏതൊക്കെയോ സ്ത്രീകളുടെ ചിത്രങ്ങൾ വെച്ച് വ്യാപകമായി പലരും പ്രചരിപ്പിക്കുന്നത് ഒരിക്കലും എന്റെ അറിവോടെയല്ല. ചില സ്ക്രീൻ ഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്.
ഞാൻ എഴുതിയ ഒരു കഥ മാത്രമാണ് ഇത്.
മനോരമ പത്രത്തിൽ നിന്നടക്കം ഒരു പാട് സൗഹൃദങ്ങൾ തെറ്റിദ്ധരിച്ചു എന്നെ അറിയിക്കുകയുണ്ടായി.
പലരും കരുതുന്നത് റാണി സോയ മൊയി എന്ന എന്റെ നായിക യഥാർത്ഥ കളക്ടർ ആണെന്നാണ്.
ഈ വിഷയത്തിൽ ഉണ്ടാവുന്ന ഏതൊരു പ്രശ്നത്തിനും ഞാൻ ഉത്തരവാദി ആവുന്നതല്ല എന്ന് അറിയിക്കുന്നു.
വയ്യാവേലിക്ക് സമയമില്ല.
ഓരോ കഥയും വെറുതെ ഉണ്ടാവുന്നതല്ല. ഒരു പാട് വിലപ്പെട്ട സമയം എടുത്താണ് നമ്മൾ വായിക്കുന്ന ഓരോ കഥകളും എഴുത്തുകാർ എഴുതുന്നത്.
ഒരു പാട് സ്വപ്നം കണ്ടത് കൊണ്ട് മാത്രമാണ് ഇല്ലാത്ത കാശ് ഉണ്ടാക്കി ഈ കഥയൊക്കെ പുസ്തകം ആക്കി മാറ്റിയത്.
ഞാൻ എഴുതി എന്റെ പേരിൽ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ കഥ ഈ വിധം ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു.
നിങ്ങൾ ചെയ്യുന്നത് എന്ത് സാഹിത്യ പ്രവർത്തനമാണ്.?.
കഥ പോട്ടെ,
കഥ നടന്ന സംഭവം ആക്കുന്നതും അതിൽ തെറ്റി ധരിപ്പിക്കാൻ വേണ്ടി മാത്രം സ്ത്രീകളുടെ ഫോട്ടോ വെക്കുന്നതും നിങ്ങളുടെ റീച്ചിന് വേണ്ടി ആണെങ്കിലും ബലിയാടാവുന്നത് മറ്റുള്ളവരാണ്.
വിവരം അറിയിച്ചിട്ടും ഇൻബോക്സിൽ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്.
നിങ്ങളോട് ആരോടും വാദിച്ചു ജയിക്കാൻ എനിക്ക് സമയമില്ല. അതിനുള്ള സാമർഥ്യവും ഇല്ല.
ജീവിച്ചു പൊയ്ക്കോട്ടേ. വയറ്റത്ത് അടിക്കരുത്.