Kerala
ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
Kerala

''ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്നു''; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
8 Aug 2022 10:12 AM GMT

"അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ്"

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടിൽ വച്ചാണ് അദ്ദേഹമിത് പറഞ്ഞത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണെന്നും അവാസ്ഥവമായ കാര്യങ്ങൾ അദ്ദേഹം പറയുമ്പോൾ തനിക്ക് വാസ്ഥവമായത് പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

പ്രീ മൺസൂൺ വർക്ക് നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും പ്രീ മൺസൂൺ വർക്ക് കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പറഞ്ഞിരുന്നു. റോഡുകളിൽ മഴക്കാലപൂർവ ജോലി നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു. വകുപ്പിനുള്ളിലെ തർക്കവും പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണമെന്നും സതീശൻ പറഞ്ഞു.

മൂന്നു മാസം കൊണ്ട് 15 പേരാണ് കുഴിയിൽ വീണ് മരിച്ചത്. റോഡിലെ കുഴിയിൽ വീണുള്ള മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ വർക്കരിക്കുന്നുവെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സി.പി.ഐ സമ്മേളനങ്ങളിൽ വിമർശനമായി വരുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

Similar Posts