തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; മരിച്ച അഗ്നിരക്ഷാസേനാംഗത്തിൻ്റെ കണ്ണ് ദാനം ചെയ്യും
|തീയണയ്ക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു
തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ മരിച്ച അഗ്നിരക്ഷാ സേനാംഗത്തിൻ്റെ കണ്ണ് ദാനം ചെയ്യും. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് തീയണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. കണ്ണ് ദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി കണ്ണാശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ കിംസിൽ എത്തിയിട്ടുണ്ട്.
തീയണയ്ക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു.
ബ്ലീച്ചിംഗ് പൗഡർ ഭാഗത്താണ് ആദ്യം തീപിടുത്തം ഉണ്ടായതെന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്തണമെന്നും ജില്ല കലക്ടർ ജെറോമിക് ജോർജ് പറഞ്ഞു. ഫോറൻസിക് പരിശോധന നടത്തുകയും മറ്റ് ഗോഡൗണുകളിലെ സുരക്ഷാക്രമീകരങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനും, വെയർ ഹൗസ് മാനേജറും സ്ഥലത്ത് ഉണ്ടായിരുന്നു. മറ്റ് അട്ടിമറികൾ എന്തേലും ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിന് ഇന്ന് പുലർച്ചെ 1.30-ഓടെയാണ് തീപിടിച്ചത്. വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു.