പി.സി ജോർജിനെ നിയന്ത്രിക്കണമെന്ന് തുഷാർ; കേന്ദ്രനേതൃത്വത്തിന് പരാതി
|പി.സി ജോർജിനെ അനുനയിപ്പിക്കാൻ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്റണി ശ്രമങ്ങൾ തുടങ്ങി
പത്തനംതിട്ട: അനിൽ ആന്റണിക്കെതിരെ പി.സി ജോർജ് നടത്തിയ പരാമർശത്തിൽ ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി. പി.സി ജോർജിനെതിരെ പരാതിയുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അതൃപ്തി പ്രകടമാക്കി.
ഡൽഹിയിൽ വെച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തവേയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.
പി.സി ജോർജ് നടത്തിയ പരാമർശം അനിൽ ആന്റണിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ബി.ഡി.ജെ.എസിന്റെ നിലപാട്. ഒപ്പം തന്റെ സ്ഥാനാർഥിത്വത്തെ ബി.ഡി.ജെ.എസ് എതിർത്തെന്ന് പി.സി ജോർജ് പരസ്യമായി പറഞ്ഞതും തുഷാർ വെള്ളാപ്പള്ളി, നദ്ദയെ അറിയിച്ചു. പി.സി ജോർജിനെ നിയന്ത്രിക്കണമെന്ന ആവശ്യം തുഷാർ പരസ്യമായി മുന്നോട്ടുവെയ്ക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ ചോദിച്ചറിയാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. പി.സി ജോർജിനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയത്. ഇതിനിടെ പി.സി ജോർജിനെ അനുനയിപ്പിക്കാൻ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്റണി ശ്രമങ്ങൾ തുടങ്ങി. പൂഞ്ഞാറിലെ വീട്ടിലെത്തി പി.സി ജോർജുമായി കൂടിക്കാഴ്ച നടത്താനാണ് അനിൽ ആന്റണിയുടെ തീരുമാനം.
watch video