പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട്
|'കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു'
ആലപ്പുഴ: മെഡിക്കൽ കോളേജിൽ രണ്ട് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൾ സലാം. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. ഒരു മറുപിള്ളയിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സങ്കീർണതയാണ് മരണ കാരണമെന്നും അബ്ദുൾ സലാം പറഞ്ഞു.
ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് തേടിയിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ പകൽ തന്നെ ഒരു കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ബന്ധുക്കൾ ഇതുമായി പരാതി നൽകിയിട്ടില്ല. അടുത്തിടെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് വലിയ വാർത്തായിരുന്നു. ഇതിനെ തുടർന്നാണ് ഈ സംഭവത്തിലും സൂപ്രണ്ട് വിശദമായ റിപ്പോർട്ട് തേടിയത്. രണ്ടുകുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.