Kerala
Kala murder case
Kerala

മാന്നാര്‍ കൊലപാതകം; കലയുടെ മൃതദേഹം 'ദൃശ്യം മോഡലില്‍' മാറ്റിയോ എന്ന് സംശയം

Web Desk
|
4 July 2024 7:19 AM GMT

മറ്റിടങ്ങളിലും പൊലീസ് പരിശോധന നടത്തും

ആലപ്പുഴ: മാന്നാർ കൊലപാതകക്കേസ് 21 അംഗ പ്രത്യേക സംഘം അന്വേഷിക്കും. കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കൂട്ടുപ്രതികൾ അറിയാതെ ഒന്നാം പ്രതി മറ്റെവിടെക്കെങ്കിലും മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റിടങ്ങളിലും പൊലീസ് പരിശോധന നടത്തും.

ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ മാന്നാർ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്നതാണ് അന്വേഷണസംഘം.മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതി ഇട്ടതെന്ന് ഒരാൾ മൊഴി നൽകി. സാഹചര്യം അനുകൂല മല്ലാതിരുന്നതിനാൽ തീരുമാനം മാറ്റി. അനിൽകുമാറിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നൽകിയത്.

എന്നാൽ മറ്റു പ്രതികൾ അറിയാതെ ഒന്നാം പ്രതി അനിൽകുമാർ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ ഇത് ഭാഗങ്ങളാക്കിയോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രമാണ്. മാത്രമല്ല മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് വിലയിരുത്തൽ. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. ഇത് പിന്നീട് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

Similar Posts