കണ്ണൂരില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ബോംബ് പൊട്ടി പരിക്ക്
|വീടിന് മുകളിലെ മലയില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒലിച്ചിറങ്ങുകയും കുട്ടികളുടെ കൈവശം ലഭിക്കുകയുമായിരുന്നു
കണ്ണൂർ തില്ലങ്കേരിയില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുമുറ്റത്താണ് ബോംബ് പൊട്ടിയത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ച് വയസ്സുകാരനായ അമീന്, രണ്ട് വയസ്സുകാരനായ റബീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് കുട്ടികളെയും ഇരിട്ടി അമല ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ഐസ്ക്രീം കപ്പിന്റെ രൂപത്തിലുള്ള ബോംബ് കുട്ടികള്‍ക്ക് വീട്ടുമുറ്റത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ദൂരേക്ക് എറിഞ്ഞപ്പോള്‍ വലിയ സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ചീളുകള്‍ തെറിച്ചാണ് ഇരുവര്‍ക്കും പരിക്കേറ്റത്. കണ്ണൂര്‍ നെല്ലിയാശ്ശേരിയില് വാടകവീട്ടിലാണ് രണ്ട് കുട്ടികളും കുടുംബത്തോടെ താമസിക്കുന്നത്. ഇവരുടെ വീടിന് മുകളിലെ മലയില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒലിച്ചിറങ്ങിയതായാണ് കരുതുന്നത്. ഇത് കുട്ടികളുടെ കൈവശം ലഭിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.