Kerala
two congress mlas in kerala has involvement in youth congress fake identity card case alleges former leader
Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: കേരളത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് പങ്കെന്ന് മൊഴി

Web Desk
|
7 Dec 2023 2:16 PM GMT

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഇക്കാര്യം അറിയാമെന്നും മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക മൊഴി. കേസിൽ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് പങ്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഡിനേറ്റർ ഷഹബാസ് വടേരി‌ പൊലീസിന് മൊഴി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഇക്കാര്യം അറിയാമെന്നും മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയായിരുന്നു ഷഹബാസ് മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഷഹബാസ് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചില ദേശീയ- സംസ്ഥാന നേതാക്കൾക്ക് വ്യാജ തിരിച്ചറിയൽ കാർഡിനെ കുറിച്ച് അറിയാമെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷഹബാസ് കോടതിയിൽ പോവുകയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ യൂത്ത് കോൺഗ്രസ് ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഈ പരാതികളെല്ലാം ഒരുമിച്ചാണ് തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മ്യൂസിയം പൊലീസ് ഷഹബാസിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയത്.

മൊഴി നൽകിയതിനൊപ്പം തന്റെ കൈയിലുള്ള ചില തെളിവുകൾ കൂടി ഷഹബാസ് ഹാജരാക്കി. ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം നടത്തിയതും ചില സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും ഷഹബാസ് പറയുന്നു.

കൈയിൽ അഞ്ച് കോടിയുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി ആർക്കും വരാമെന്ന ആരോപണവും ഷഹബാസ് ഉന്നയിക്കുന്നു. നേരത്തെ ദേശീയ കോഡിനേറ്ററായിരുന്ന ഷഹബാസിനെ ഇത്തരം ആരോപണങ്ങളുടെ പേരിൽ സ്ഥാനത്തുനിന്നും നീക്കുന്നതായി യൂത്ത് കോൺ​ഗ്രസ് ദേശീയ കമ്മിറ്റി അറിയിച്ചിരുന്നു.

നിലവിൽ ചുമതലകളൊന്നും ഇല്ലെങ്കിലും വ്യാജ തിരിച്ചറിൽ കാർഡ് കേസിൽ തന്റെ കൈയിലുള്ള തെളിവുകളെല്ലാം പൊലീസിന് നൽകുമെന്നാണ് ഷഹബാസ് പറയുന്നത്.

Similar Posts