പനി ബാധിച്ച് ഇന്ന് 13കാരനുൾപ്പെടെ രണ്ട് മരണം; 56കാരൻ മരിച്ചത് ഡെങ്കിപ്പനി മൂലം
|ഇതോടെ ഒരാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
തിരുവനന്തപുരം/തൃശൂർ: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടു പേർ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് (56) മരിച്ചത്. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് കുണ്ടൂർ വീട്ടിൽ ധനിഷ്ക് (13) ആണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഡെങ്കിപ്പനി മൂലം തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു വിജയൻ. തൃശൂരിൽ മരിച്ച 13 വയസുകാരനായ ധനിഷ്ക് എസ്എൻഎച്ച്എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
സംസ്ഥാനത്ത് ഡെങ്കി ഉൾപ്പെടെയുള്ള പനി മരണം കൂടുകയാണ്. ഇടയ്ക്കിടയുണ്ടാകുന്ന മഴയും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് കാരണം. എലിപ്പനി മരണവും ഉയരുന്നുണ്ട്.
തൊഴിലുറപ്പ്- ശുചീകരണ തൊഴിലാളികൾക്കാണ് എലിപ്പനി കൂടുതൽ ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇവരോട് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.