Kerala
Two died of suffocation while cleaning a garbage tank in Kozhikode
Kerala

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

Web Desk
|
31 May 2024 12:25 PM GMT

പത്തടിയോളം ആഴമുള്ള ടാങ്കിൽ രണ്ടടിയോടം മാലിന്യമുണ്ടായിരുന്നു.

കോഴിക്കോട്: കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇരിങ്ങാടൻപള്ളിക്ക് സമീപമുള്ള ഒരു ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

പത്തടിയോളം ആഴമുള്ള ടാങ്കിൽ രണ്ടടിയോടം മാലിന്യമുണ്ടായിരുന്നു. ഇതിൽ ആദ്യം ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാമൻ സഹായിക്കാനായി ഇറങ്ങുകയുമായിരുന്നു. എന്നാൽ രണ്ടാമനും ഇതിൽ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

പിന്നീട് നാട്ടുകാരെത്തി ഇരുവരേയും കോഴിക്കോട് മെഡി.കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ‌ എത്തിക്കുന്നതിന് മുമ്പുതന്നെ ഇരുവരും മരിച്ചിരുന്നു. മൃതദേഹം മെഡി. കോളജ് മോർച്ചറിയിൽ.

ഹോട്ടൽ ഒഴിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാലിന്യ ടാങ്ക് വൃത്തിയാക്കാൻ തീരുമാനിച്ചത്. ഇതിനായി രണ്ട് തൊഴിലാളികളെ വിളിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മുൻ കരുതലുകൾ പാലിച്ചാണോ തൊഴിലാളികൾ ഇറങ്ങിയതെന്ന കാര്യവും പരിശോധിക്കും.



Similar Posts