Kerala
Two hours and 13 minutes; Vande Bharat reached Kottayam
Kerala

തിരുവനന്തപുരത്ത്നിന്ന് രണ്ട് മണിക്കൂർ 13 മിനിറ്റ്; വന്ദേഭാരത് കോട്ടയത്തെത്തി

Web Desk
|
19 April 2023 2:28 AM GMT

എറാണാകുളത്തേക്ക് ട്രെയിൻ പുറപ്പെട്ടു

കോട്ടയം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാം വട്ട പരീക്ഷണയോട്ടം പുരോഗമിക്കുന്നു. കൊല്ലം റെയിൽവേ സ്‌റ്റേഷൻ പിന്നിട്ട് വന്ദേഭാരത് കോട്ടയത്തെത്തി. കൃത്യം 7.33നാണ് ട്രെയിൻ കോട്ടയത്തെത്തിയത്. തിരുവനന്തപുരത്ത് നിന്ന് 5.20 ന് എടുത്ത ട്രെയിൻ കോട്ടയത്തെത്താൻ രണ്ട് മണിക്കൂറും 13 മിനിറ്റും സമയമെടുത്തു.

വന്ദേഭാരതിന്റെ ആദ്യ പരീക്ഷണയോട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്താൻ രണ്ട് മണിക്കൂറും 10 മിനിറ്റുമായിരുന്നു സമയമെടുത്തിരുന്നത്. എറാണാകുളത്തേക്ക് ട്രെയിൻ പുറപ്പെട്ടു. വന്ദേഭാരത് പരീക്ഷണയോട്ടത്തിന്റെ ഭാഗമായി മറ്റു ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. 5.20 ന് പുറപ്പെട്ട ട്രെയിൻ ഒരു മണിയോടെ കാസർകോട് എത്തിയേക്കും. നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങിയത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് ട്രെയിനിന്റെ നിരക്ക് പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

വന്ദേഭാരതിന്റെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമായേക്കും. തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രിൽ 25ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. എട്ടു സ്റ്റോപ്പുകളാണ് നിലവിൽ വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. നേരത്തെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്.

തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലത്തെത്തിയ ട്രെയിൻ കോട്ടയമെത്താൻ എടുത്തത് രണ്ട് മണിക്കൂർ 16 മിനിട്ട്. എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് 1 മണിക്കൂർ സമയം കൊണ്ട് വന്ദേഭാരത് തൃശൂരിലെത്തി. അടുത്ത സ്റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് 1 മണിക്കൂർ 5 മിനിട്ട്. തിരൂരിൽ നിന്ന് അരമണിക്കൂർ കൊണ്ട് കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം 6 മണിക്കൂർ 6 മിനിട്ട്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താൻ 7 മണിക്കൂർ 10 മിനിട്ടാണ് എടുത്തത്. ഏപ്രിൽ 25ന് ഫ്‌ലാഗ് ഓഫ് ദിനത്തിൽ പൊതുജനത്തിന് വന്ദേഭാരതിൽ യാത്ര ചെയ്യാൻ കഴിയില്ല. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ബുക്കിങ് ആരംഭിക്കുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്.

Similar Posts