പാലക്കാട് സുബൈർ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
|ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്
പാലക്കാട്ടെ പോപ്പുലർഫ്രണ്ട് നേതാവായ സുബൈർ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് മനു. ഏപ്രിൽ 15ന് വെള്ളിയാഴ്ച ഉച്ചക്ക് നടന്ന കൊലപാതകത്തിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. ബി.ജെ.പി, ആര്.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായതെങ്കിലും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നിങ്ങിയിട്ടില്ല. പ്രത്യക്ഷമായ തെളിവുകൾ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി. ഐ ആരോപിച്ചു.
അതേസമയം, ശ്രീനിവാസൻ വധക്കേസിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും. പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസെന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മുഹമ്മദ് ബിലാൽ, റിയാസുദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
ഏപ്രിൽ 16ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Two more arrested in Palakkad Popular Front leader Zubair murder case