Kerala
ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; പുറത്തുവിടുന്നത് 100 ക്യുമെക്‌സ് വെള്ളം
Kerala

ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; പുറത്തുവിടുന്നത് 100 ക്യുമെക്‌സ് വെള്ളം

Web Desk
|
7 Aug 2022 11:40 AM GMT

നേരത്തെ തുറന്ന ഷട്ടറുകള്‍ 40 സെന്റീമീറ്ററായി ഉയർത്തി

ഇടുക്കി: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. 40 സെന്‍റീ മീറ്ററായാണ് ഉയര്‍ത്തിയത്. 100 ക്യുമെക്‌സ് വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്തുവിടുന്നത്. കൂടാതെ നേരത്തെ തുറന്ന ഷട്ടറുകള്‍ 40 സെന്റീമീറ്ററായി ഉയർത്തുകയും ചെയ്തു.

ഇന്ന് രാവിലെ 10 മണിക്കാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നിരുന്നത്. 70 സെന്റീമീറ്ററായിരുന്നു ഷട്ടർ ഉയർത്തിയത്. അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്. കാലാവസ്ഥ മെച്ചപ്പട്ടാൽ ഡാം അടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനായി 29 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജല നിരപ്പുയർന്നു. പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ടും പമ്പാ ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് ചൊവ്വാഴ്ച്ച തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. പാലക്കാട് ചുള്ളിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

വയനാട് ബാണാസുര സാഗർ ഡാം നാളെ തുറക്കും. നാളെ രാവിലെ 8 ന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കും. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം നല്കി. റെഡ് അലർട്ട് നൽകിയ കക്കി ആനത്തോട് ഡാം നാളെ തുറന്നേക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും മഴ തുടരുന്നതാണ് ഡാമുകളിലെ ജല നിരപ്പ് ഉയരാൻ കാരണം.

Similar Posts