പേര് ‘ഓണം സ്പെഷൽ കുലുക്കി സർബത്ത്’; പക്ഷെ വിൽക്കുന്നത് നാടൻ വാറ്റ്
|വാറ്റു കേന്ദ്രത്തിന് കാവലായി വിദേശയിനം നായ്കൾ, കേന്ദ്രം തകർത്ത് എക്സൈസ് സംഘം
കൊച്ചി: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തിവന്ന രണ്ടുപേർ എക്സൈസിൻ്റെ പിടിയിൽ. പൂക്കാട്ടുപ്പടി സ്വദേശിയും തേവക്കൽ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടിൽ സന്തോഷ് (അങ്കിൾ - 54), കാക്കനാട് കൊല്ലംകുടി മുകൾ സ്വദേശി കിരൺ കുമാർ (വാറ്റാപ്പി - 35) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ വാഹനങ്ങളിൽനിന്നും വാടക വീട്ടിൽനിന്നുമായി 20 ലിറ്റർ ചാരായം എക്സൈസ് കണ്ടെത്തി.
ചാരായം നിർമിക്കാൻ പാകമാക്കി വച്ചിരുന്ന 950 ലിറ്റർ വാഷ്, ചാരായ നിർമാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിൻ്റെ 4 പ്രഷർ കുക്കറുകൾ, ചാരായം നിറക്കാൻ സൂക്ഷിച്ച് വച്ചിരുന്ന അര ലിറ്റർ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിറ്റ് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ സീൽ ചെയ്യാനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടക വീട്ടിൽനിന്ന് കണ്ടെടുത്തു. ചാരായ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷ, നാനോ കാർ , രണ്ട് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കാക്കനാടിന് സമീപം തേവയ്ക്കലിൽ രണ്ട് നില വീട് വാടകക്കെടുത്ത് നാടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നുവെന്ന വ്യാജേനയാണ് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. വാറ്റ് ചാരായത്തിൻ്റെ മണം പുറത്ത് വരാതിരിക്കാൻ സുഗന്ധ വ്യജ്ഞന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഓർഡർ ലഭിക്കുന്ന മുറക്ക് മാത്രമേ ഇവർ ചാരായം വാറ്റി വക്കാറുള്ളൂ. ആവശ്യക്കാർക്ക് ഫ്രഷായി വാറ്റിവിൽക്കുന്നതിനാൽ ഇവരുടെ ചാരായത്തിന് വൻ ഡിമാൻഡാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി.
ചാരായ നിർമാണത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നതും പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓർഡർ എടുത്തിരുന്നത് കിരണാണ്. വാറ്റ് സ്പെഷലിസ്റ്റ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്ത് പാറ വീട്ടിൽ ലൈബിനാണ് തേവക്കലുള്ള വാടക വീട്ടിലെത്തി ഓർഡർ പ്രകാരം ചാരായം വാറ്റി നൽകിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ലൈബിനെയും പ്രതി ചേർത്തിട്ടുണ്ട്.
ചാരായം വിൽക്കാൻ സ്വന്തമായ രീതി
അതിവിദഗ്ധമായാണ് ഇരുവരും ചാരായം ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഒരാളുടെ ഓഡർ ലഭിച്ച് കഴിഞ്ഞാൽ കിരൺ ഓട്ടോറിക്ഷയുമായി ആവശ്യക്കാരൻ പറഞ്ഞ സ്ഥലത്തെത്തും. തുടർന്ന് പരിസരം മുഴുവൻ കൃത്യമായി നിരീക്ഷിക്കും. തുടർന്ന് പണം വാങ്ങിയശേഷം മറ്റു കുഴപ്പങ്ങളൊന്നും ഇല്ല എന്ന് കണ്ടാൽ കിരൺ സന്തോഷിന് സിഗ്നൽ നൽകും. തൊട്ടപ്പുറത്തായി നിർത്തിയിട്ട ‘നാടൻ കുലുക്കി സർബത്ത്’ എന്ന ബോർഡ് വച്ച നാനോ കാറിൽനിന്ന് സന്തോഷ് ഓർഡർ പ്രകാരമുള്ള സാധനം കിരണിൻ്റെ ഓട്ടോയുടെ പിൻഭാഗത്ത് കൊണ്ടുവെക്കും. സന്തോഷ് കുലുക്കി സർബത്ത് എന്ന ബോർഡ് വച്ച വാഹനം ഓടിച്ചുപോകുന്നു. സാധനം നൽകിയ ശേഷം കിരണും അടുത്ത ഓർഡർ പ്രകാരമുള്ള സ്ഥലത്തേക്ക് പോകുന്നു. ഇതായിരുന്നു വിൽപ്പന രീതി.
ഒരാഴ്ച മുമ്പ് അങ്ങാടി മരുന്നിൻ്റെ മറവിൽ വ്യാജ മദ്യം വിറ്റിരുന്ന വനിതയടക്കം മൂന്നുപേരെ 77 കുപ്പി വ്യാജ മദ്യവുമായി എക്സൈസ് സംഘം കാക്കനാട് ഇടച്ചിറയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തുന്ന വാറ്റാപ്പി, അങ്കിൾ എന്നിവരെക്കുറിച്ചുള്ള സൂചന സ്റ്റേറ്റ് എക്സൈസ് ടീമിന് ലഭിക്കുന്നത്. തുടർന്ന് ഇരുവരും എക്സൈസ് പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു.
തൃക്കാക്കര ഭാരത് മാതാ കോളജിന് എതിർവശം ആവശ്യക്കാരെ കാത്തുകിടക്കുകയായിരുന്ന വാറ്റാപ്പി എന്ന കിരണിൻ്റെ ഓട്ടോറിക്ഷ എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ കിരൺ ഓട്ടോ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന നാനോ കാർ സന്തോഷ് അതിവേഗം ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. സന്തോഷിൻ്റെ കാറിൽനിന്ന് അഞ്ചും കിരണിൻ്റെ ഓട്ടോയിൽനിന്ന് എട്ടും കുപ്പികളിലായി വാറ്റുചാരായം എക്സൈസ് കണ്ടെടുത്തു.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് തേവയ്ക്കലിൽ സ്ഥിതിചെയ്യുന്ന വാറ്റു കേന്ദ്രം എക്സൈസ് കണ്ടെത്തുന്നത്. വീട്ടിനകത്തും പുറത്തുമായി മൂന്ന് വിദേശയിനം നായകളെ അഴിച്ചുവിട്ടിരുന്നതിനാൽ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട്ടിൽ പരിശോധന നടത്താൻ സാധിച്ചത്. ബാരലുകളിലും ബക്കറ്റിലും പാകമാക്കി വച്ച നിലയിലായിരുന്നു വാഷ് കാണപ്പെട്ടത്. കന്നാസുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമാണ് ചാരായം നിറച്ചിരുന്നത്.
നിരവധി ഗ്യാസ് കുറ്റികൾ, പ്രഷർ കുക്കറുകൾ, വാറ്റുപകരണങ്ങൾ തുടങ്ങിയവയും എക്സൈസ് കണ്ടെടുത്തു. ഓണത്തോടനുബന്ധിച്ച സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ശക്തമായ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളാണ് എക്സൈസ് നടത്തിവരുന്നത്. അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൻഫോഴ്സ്മെൻ്റ് അസി. കമീഷണർ ടി.എൻ സുധീർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി. സജി, ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫിസർ എൻ.ഡി ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫിസർ എൻ.ജി അജിത് കുമാർ, എറണാകുളം റേഞ്ച് പ്രിവൻ്റീവ് ഓഫിസർ കെ.ആർ സുനിൽ, വനിത സിഇഒ റസീന, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ, ഉനൈസ്, കാർത്തിക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.