Kerala
ഗ്രീഷ്മ അണുനാശിനി കുടിച്ച സംഭവം; രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ
Kerala

ഗ്രീഷ്മ അണുനാശിനി കുടിച്ച സംഭവം; രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

Web Desk
|
31 Oct 2022 12:14 PM GMT

വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറൽ എസ്.പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ​ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയാണ് നടപടി.

സുമ, ഗ്രീഷ്മ എന്നീ വനിതാ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. റൂറൽ എസ്.പി ഡി ശിൽപയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറൽ എസ്.പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നും ഡി. ശിൽപ പറഞ്ഞിരുന്നു.

അതേസമയം, കേസിൽ പ്രതി ​ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ​ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്.

​ഗ്രീഷ്മയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

ഈ സാഹചര്യത്തിൽ ​ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനെയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യൽ.

Similar Posts