അട്ടപ്പാടി മധു വധക്കേസിൽ രണ്ടു സാക്ഷികളും കൂറുമാറി; ആശങ്കയില്‍ കുടുംബം
|സാക്ഷികളെ പ്രതികൾ രഹസ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിന്റെ ഭാവി സംബന്ധിച്ച ആശങ്കയിലാണ് മധുവിന്റെ കുടുംബം. സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായ രണ്ട് സാക്ഷികളും കൂറുമാറി. സാക്ഷികളെ പ്രതികൾ രഹസ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു
ഏറെ വിവിദങ്ങൾക്ക് ശേഷമാണ് മധുവിനെ ആൾകൂട്ടം തല്ലിക്കൊന്ന കേസിൽ വിചാരണ ആരംഭിച്ചത്. രണ്ട് സാക്ഷികളെ മാത്രമാണ് ഇതുവരെ മണ്ണാർക്കാട് എസ്.ഇ,എസ്.ടി കോടതി വിസ്തരിച്ചത്. ഇവർ രണ്ട് പേരും കൂറുമാറി. പണവും, മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു
നാല് വർഷം മുൻപ് നടന്ന കേസായതിനാൽ പ്രോസിക്യൂട്ടർക്ക് സാക്ഷികളെ കണ്ട് കാര്യങ്ങൾ സംസാരിക്കണം. എന്നാൽ സാക്ഷികളെ പ്രതികൾ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച് നേരെ കോടതിയിൽ ഹാജറാക്കുകയാണ് ചെയ്യുന്നതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരായ സാക്ഷികൾ കൂറുമാറിയാൽ ജോലിയെ ബാധിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. കൂറുമാറിയ പതിനെന്നാം സാക്ഷി ചന്ദ്രൻ മധുവിന്റെ ബന്ധുവാണ്. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറി. സാക്ഷികൾ കൂറുമാറുന്നതോടെ പ്രതികൾ രക്ഷപെടുമോ എന്നതാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക.