രണ്ടു വയസ്സുകാരിയെ കാണാതായ കേസ്: ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ്
|കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളതെന്നറിയാനാണ് പരിശോധന
തിരുവനന്തപുരം: പേട്ടയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ രണ്ടു വയസ്സുകാരിയുടെ ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ള ബിഹാർ സ്വദേശികൾ എന്നത് സ്ഥിരീകരിക്കാൻ വേണ്ടിയാണ് പരിശോധന.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് ശിശുക്ഷേമ സമിതി കുട്ടിയുടെ രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ, കുട്ടിയെ സംബന്ധിച്ച ഒരു രേഖകളും ഹാജരാക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ല. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പോലും തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇത് സംശയത്തിനിടയാക്കി.
ഇതോടെയാണ് ഡി.എൻ.എ പരിശോധനയിലേക്ക് പൊലീസ് എത്തിയത്. രക്ത സാമ്പിളുകൾ പരിശോധനക്കായി അയച്ചുകഴിഞ്ഞു. ഇതിന്റെ ഫലം വന്ന ശേഷമായിരിക്കും തുടർനടപടി.
നിലവിൽ കുട്ടി തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടിയെ തങ്ങളോടൊപ്പം വിടണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് ഡി.എൻ.എ പരിശോധനയുടെ ഫലം വന്ന ശേഷമേ തീരുമാനിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
ഇതോടൊപ്പം ഇന്നലെ ശിശുക്ഷേമ സമിതി രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴി കൂടി പൊലീസ് പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. എന്നാൽ, കുട്ടി എങ്ങനെയാണ് ബ്രഹ്മോസിന് പിറകിലുള്ള പൊന്തക്കാട്ടിൽ എത്തിയതെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫൊറൻസിക്, ഫിംഗർപ്രിന്റ് പരിശോധനാ ഫലങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ല.
മുപ്പതോളം വീടുകളിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ സൈബർ സംഘം പരിശോധിച്ചെങ്കിലും ഇതിൽ നിന്നും അന്വേഷണത്തെ സഹായിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു.