Kerala
രാജ്യത്തെ ആദ്യ കോവിഡ് കേസിന് രണ്ടാണ്ട്; മഹാമാരിക്കൊപ്പം ജീവിച്ച് മലയാളി
Kerala

രാജ്യത്തെ ആദ്യ കോവിഡ് കേസിന് രണ്ടാണ്ട്; മഹാമാരിക്കൊപ്പം ജീവിച്ച് മലയാളി

Web Desk
|
30 Jan 2022 1:00 AM GMT

2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. 2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ ഭയന്ന് കഴിഞ്ഞ കാലത്ത് നിന്ന് കോവിഡിനൊപ്പം ജീവിക്കുക എന്ന സമീപനത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു.

രണ്ട് കൊല്ലം മുന്‍പ് ഇതേ ദിവസം തുടങ്ങിയതാണ് കോവിഡിനോടുള്ള മലയാളിയുടെയും രാജ്യത്തിന്റെയും പോരാട്ടം. പോസിറ്റീവ്, നെഗറ്റീവ് എന്നീ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല. ലോക്ക്ഡൗണും ക്വറന്റൈനും ഐസൊലേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.മാസ്കിടാനും ഏത് നേരവും കൈ കഴുകാനും സോപ്പിടാനും ശീലിച്ചു. ഇരിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരുന്ന നമ്മളെ ഒരു വൈറസ് മാസങ്ങള്‍ വീട്ടിലിരുത്തി. പരിപാടികള്‍ ഓണ്‍ലൈനിലേക്ക് ചുരുങ്ങി.

രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് നമ്മള്‍ ഭീതിയോടെ നോക്കി നിന്നു. എന്തും വരട്ടെയെന്നമട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സര്‍ക്കാരുമൊക്കെ പണിയെടുത്തു. കൂട്ടായി നാട്ടുകാരും. ആദ്യ അന്താളിപ്പ് മാറുമ്പോഴേക്കും ആശ്വാസമായി വാക്സിനെത്തി. കോവാക്സിനും കോവിഷീല്‍ഡും പ്രതീക്ഷയുടെ പര്യായമായി. ഇതിനിടെ ഡെല്‍റ്റയും ഒമിക്രോണുമൊക്കെയായി പല വകഭേദങ്ങള്‍ .ഒടുവിലെ കണക്ക് പ്രകാരം 53,191 ജീവനുകള്‍ ഈ മഹാമാരിയില്‍ പൊലിഞ്ഞു. ഉറ്റവരെ ഒരുനോക്ക് കാണാനാകാതെ പലരും ദൂരെ നിന്ന് യാത്രയാക്കി.

ഇന്നും നാം ആ വൈറസിന്റെ പിടിയിലാണ്. ദിവസവും അരലക്ഷത്തിലധികം പേര്‍ രോഗികളാകുന്നു. കോവിഡിന്റെ കൂടെ ജീവിക്കുന്നു എന്നതിനപ്പുറം കോവിഡിനെ ഒഴിവാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. നിര്‍ഭയം കൈകൊടുത്ത് സ്വീകരിക്കാനും ആലിംഗനം ചെയ്യാനും സാധിക്കുന്ന ഒരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.

Summary : Two years to the country's first Covid case; Malayalee living with the epidemic

Related Tags :
Similar Posts