ആദ്യം പോസ്റ്റ് മുക്കി, പിന്നാലെ വിശദീകരണ പോസ്റ്റും മുക്കി പ്രതിഭ
|ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് എംഎൽഎയുടെ പോസ്റ്റ്
കായംകുളം എംഎൽഎ യു. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റും പിൻവലിക്കലും ചർച്ചയാകുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായെത്തിയ പ്രതിഭ ആ പോസ്റ്റ് പിൻവലിച്ചു. പിന്നാലെയെത്തിയ വിശദീകരണ പോസ്റ്റും പിന്‍വലിച്ചതോടെ വിഷയം രാഷ്ട്രീയം തന്നെയാണെന്നാണ് നവ മാധ്യമങ്ങളിലെ ചര്‍ച്ച. ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് എംഎൽഎയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലാണ് യു. പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പേജിൽ ആദ്യമെത്തിയത്. ഞൊടിയിടയിൽ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള ചോദ്യങ്ങൾ കമന്റ് ബോക്‌സിൽ നിറഞ്ഞു. മന്ത്രി ജി. സുധാകരനെ ലക്ഷ്യമിട്ടുള്ളതെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. സുധാകരനെതിരായ പൊലീസിലെ പരാതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കമന്‍റുകൾ. മറ്റുചിലർ കെ.ടി. ജലീലിന്‍റെ രാജിയിലേക്ക് വിരൽചൂണ്ടി. കമന്‍റുകൾ വിവാദങ്ങളിലേക്ക് നീങ്ങിയപ്പോൾ ഈ പോസ്റ്റ് അപ്രത്യക്ഷമായി.
തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി അടുത്ത പോസ്റ്റ് തൊട്ടുപിന്നാലെയെത്തി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിശദീകരണ പോസ്റ്റും യു. പ്രതിഭ പിൻവലിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിലെ ചർച്ചക്ക് ചൂടേറി. ആലപ്പുഴ സിപിഎമ്മിൽ സമീപകാലത്ത് ഉയർന്ന വിഭാഗീയതയും വിവാദങ്ങളുമാണ് പോസ്റ്റുകൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. എംഎൽഎയുടെ ഫേസ്ബുക്കിലെ പരാമർശങ്ങൾ മുൻപും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പ്രതിഭയുടെ പോസ്റ്റ് സിപിഎം നേതൃത്വം ഗൗരവത്തോടെയാകും നോക്കികാണുക.