തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ ഇന്ന്; 46ാം വയസിൽ സർക്കാരിൽ രണ്ടാമൻ
|ദ്രാവിഡ മുന്നേറ്റ കഴകത്തെ ഭാവിയിൽ നയിക്കാൻ പാർട്ടി മുന്നോട്ടുവയ്ക്കുന്ന പേര് ഉദയനിധിയുടെതു തന്നെ.
ചെന്നൈ: ഡിഎംകെ പ്രവർത്തകരുടെ ചിന്നത്തലൈവർ ഇനി ഉപമുഖ്യമന്ത്രിയുടെ തലപ്പാവണിയും. ഡിഎംകെ എംഎൽഎയും നടനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡിഎംകെയുടെ വരുംകാലമുഖം ഉദയനിധി തന്നെയെന്ന് ഉറപ്പിക്കുകയാണ് ഡിഎംകെ. 46ാം വയസിലാണ് തമിഴ്നാട് സർക്കാരിൽ രണ്ടാം സ്ഥാനക്കാരനായി ഉദയനിധി എത്തുന്നത്.
തമിഴ്നാട് രാജ്ഭവനിൽ ഇന്ന് വൈകിട്ട് 3 30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ദ്രാവിഡ മുന്നേറ്റ കഴകത്തെ ഭാവിയിൽ നയിക്കാൻ പാർട്ടി മുന്നോട്ടുവയ്ക്കുന്ന പേര് ഉദയനിധിയുടെതു തന്നെ. മുത്തുവേൽ കരുണാനിധിയുടെ കുടുംബത്തിലെ ഇളംതലമുറക്കാരന് അച്ഛൻ എം.കെ സ്റ്റാലിൻ നൽകുന്ന അധികാര കൈമാറ്റത്തിന്റെ അടയാളം കൂടിയാണ് ഈ ഉപമുഖ്യമന്ത്രി പദം.
ചലച്ചിത്ര താരവും നിർമാതാവുമായിരുന്ന ഉദയനിധി സിനിമ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. 2021ൽ ചെപ്പോക്ക് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്, ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഉദയനിധിക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. 2022ൽ യുവജന കായിക വകുപ്പുകൾ നൽകി ഉദയനിധിയെ മന്ത്രിയാക്കി.
മകനെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്തണമെന്ന് പാർട്ടി നേതാക്കളും അണികളും ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മതം മൂളിയിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണം നയിച്ചത് ഉദയ നിധിയായിരുന്നു. തമിഴ്നാട്ടിലെ 39 സീറ്റും ഡിഎംകെ തൂത്തുവാരി. പിന്നാലെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും ഉദയനിധി എത്തുന്നു. കൂടാതെ കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ രാജിവച്ച സെന്തിൽ ബാലാജി ഉൾപ്പെടെ മൂന്നുപേർ കൂടി ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.