Kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം; 14 സീറ്റിൽ യു.ഡി.എഫ് മുന്നിൽ
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം; 14 സീറ്റിൽ യു.ഡി.എഫ് മുന്നിൽ

Web Desk
|
10 Nov 2022 6:16 AM GMT

കോതമംഗലം കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 14 സീറ്റുകളിൽ യുഡിഎഫും 10 സീറ്റുകളിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. മൂന്നിടത്ത് എൻഡിഎയും ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനിൽക്കുകയാണ്. രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനിൽക്കുകയാണ്.

എറണാകുളം കോതമംഗലം കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്.

യു.ഡി.എഫ് വിജയിച്ചതോടെ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. കൊല്ലം പേരയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. പാലക്കാട് കുത്തന്നൂർ പഞ്ചായത്തിലെ പാലത്തറയിൽ യു.ഡി.എഫും പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടിയിൽ എൽഡിഎഫും വിജയിച്ചു.

എറണാകുളം വടവുകാട് ബ്ലോക് പഞ്ചായത്തിലെ പട്ടിമറ്റം വാര്‍ഡ് യുഡിഎഫ് ജയിച്ചതോടെ ട്വന്റി ട്വന്റിയുടെ പ്രസിഡണ്ട് സ്ഥാനം തുലാസിലായി.

മലപ്പുറം നഗരസഭയിലെ കൈനോടിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ഇടുക്കി കരുണാപുരം കുഴികണ്ടം വാർഡ് എൽ.ഡി.എഫ് നിലനിർത്തി.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം സ്ഥാനാർഥി പി.ബി ദിനമണി 92 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാർഡിൽ സി.പി.എമ്മും നിലനിർത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു.യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് നാലാം വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു.മുതുകുളം നാലാം വാർഡിൽ യുഡിഎഫിന് ജയം.ജി എസ് ബൈജു 103 വോട്ടുകൾക്ക് ജയിച്ചു. ബിജെപി പ്രതിനിധിയായിരുന്ന ബൈജു രാജി വെച്ചാണ് യുഡിഎഫിൽ മത്സരിച്ചത്.

സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.യുഡിഎഫ് ജയിച്ചതോടെ എൽഡിഎഫും യുഡിഎഫും തുല്യനിലയിലായി. തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ 31-ാം ഡിവിഷനിലേക്ക് നടന്ന ഉപതെ രഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥി ഉദയബാലൻ പിടിച്ചെടുത്തു.

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് മുസ് ലിം ലീഗ് നിലനിർത്തി.

ഉപതെരഞ്ഞെടുപ്പിൽ 76.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 20 ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. 29 വാർഡുകളിലേക്കായി 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.


Similar Posts