Kerala
UDF and LDF reject exit polls
Kerala

കേരളത്തിൽ താമര വിരിയില്ല; എക്സിറ്റ് പോളുകളെ തള്ളി യു.ഡി.എഫും എൽ.ഡി.എഫും

Web Desk
|
2 Jun 2024 10:15 AM GMT

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ബിജെപിക്ക് കേരളത്തിൽ മോദി തരംഗമുണ്ടായെന്ന വിശ്വാസം കൂടുതൽ ശക്തമായി

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എൽ.ഡി.എഫും യു.ഡി.എഫും. സർവേ റിപ്പോർട്ടുകളേക്കാൾ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എൽ.ഡി.എഫ് അംഗീകരിക്കുന്നില്ല.

എക്സിറ്റ് പോൾ പ്രവചനങ്ങളിലെ തിരിച്ചടി തള്ളുമ്പോഴും കോൺഗ്രസിനെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും ചിലയിടങ്ങളിൽ ആർ.എസ്.എസും പിന്തുണച്ചുവെന്ന പരാമർശങ്ങളിലൂടെ സി.പി.എം നേതൃത്വം പ്രതിരോധ ആയുധവും സജ്ജമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ട്വൻ്റി - ട്വൻ്റി അവകാശ വാദങ്ങളിൽ ഉറച്ച് നിൽക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ബിജെപിക്ക് കേരളത്തിൽ മോദി തരംഗമുണ്ടായെന്ന വിശ്വാസം കൂടുതൽ ശക്തമായി.

എക്സിറ്റ് പോൾ ഫലം പല സംസ്ഥാനങ്ങളിലും ശരിയാണെന്ന് തോന്നുന്നില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിഭിന്നമായ ജനവിധി കാത്തിരിക്കുന്നു. വടകരയിൽ നല്ല ഭൂരപക്ഷത്തിൽ ജയിക്കും. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും ജയിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിൽ ഒരു മണ്ഡ‍ലത്തിലും ബി.ജെ.പി ജയിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും പറഞ്ഞു. അതിനുള്ള സാഹചര്യം ഇനിയുണ്ടാവുകയുമില്ല. എക്സിറ്റ് പോൾ വസ്തുതാപരമെന്ന് ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയില്ല. തൃശൂരിൽ കെ. മുരളീധരന് പരാജയഭീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ ലഭിക്കില്ലെന്ന് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. ആറ്റിങ്ങലിൽ എൽഡിഎഫ് തന്നെ ജയിക്കുമെന്ന് സ്ഥാനാർഥി വി ജോയ് പറഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. കേരളത്തിൽ സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം ആശങ്കപെടുത്തുന്നുണ്ടെന്ന് ആർഎസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

Related Tags :
Similar Posts