'20 സീറ്റിലും ജയിക്കുമെന്ന് കേരള നേതാക്കൾ ഉറപ്പ് നൽകി'; ഉന്നതതല യോഗത്തിന് ശേഷം കെ.സി വേണുഗോപാൽ
|ലോകസഭാ തെരഞ്ഞെടുപ്പിൽ ആധുനിക രീതിയിലെ പ്രചാരണം സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് കേരളത്തിലെ നേതാക്കൾ ഉറപ്പ് നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരളത്തിലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയും മടുത്തു കഴിഞ്ഞുവെന്നും കേരളത്തിലെ കോൺഗ്രസിനു ജനപിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിലെ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. എ കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവർ ഓൺലൈനായും പങ്കെടുത്തു. മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തെ പല കുറി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഈ വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബൂത്ത് ലെവൽ മുതൽ പാർലമെന്റ് കമ്മിറ്റികൾ വരെ രൂപീകരിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പരസ്യപ്രസ്താവനകൾ ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അഭിപ്രായ വ്യത്യാസം പാർട്ടിക്കകത്ത് പറയണമെന്നും പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെന്നും ചൂണ്ടിക്കാട്ടി. ലോകസഭാ തെരഞ്ഞെടുപ്പിൽ ആധുനിക രീതിയിലെ പ്രചാരണം സംഘടിപ്പിക്കുമെന്നും അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുമെന്നും വ്യക്തമാക്കി.
AICC General Secretary KC Venugopal said that the leaders of Kerala have assured that the UDF candidates will win all 20 seats in the state in the Lok Sabha elections.