Kerala
UDF coordination committee meeting today
Kerala

യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്; ലീഗിന്റെ മൂന്നാം സീറ്റിൽ ചർച്ച

Web Desk
|
5 Feb 2024 1:08 AM GMT

ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനം.

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനായുള്ള അവകാശവാദത്തിനിടെ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. ഒപ്പം മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം.

മൂന്നാം സീറ്റെന്ന ആവശ്യത്തിന്മേൽ കെ.പി.സി.സി കൈക്കൊണ്ട നിലപാട് ഇന്ന് ലീഗ് നേതാക്കളെ അറിയിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന വിഷയത്തിൽ ഏറെ പ്രധാനപ്പെട്ട യോഗമാകും ഇന്ന് പൂർത്തിയാവുക. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുന്ന കാര്യത്തിലും ചർച്ചയുണ്ടാകും.

അതേസമയം ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനം. കണ്ണൂർ, വടകര, അടക്കം മലബാറിലെ സീറ്റ് ആണ് ലീഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ലീഗ് - കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യം ഇത്തവണ ലീഗ് ഉന്നയിച്ചത്. തുടർ ചർച്ചകളിലൂടെ തീരുമാനിക്കാം എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി.അന്തിമ തീരുമാനം യു.ഡി.എഫ് യോഗത്തിൽ എന്നുമായിരുന്നു ധാരണ.

ഇത്തവണ മുൻ തെരഞ്ഞെടുപ്പുകളിൽ ആവശ്യപ്പെട്ടത് പോലെയല്ല എന്ന് തന്നെ ലീഗ് നേതാക്കൾ പരസ്യ നിലപാട് പ്രഖ്യാപിചിട്ടുണ്ട്. ഇന്നലെ മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലും മൂന്നാം സീറ്റിൽ ഉറച്ച് നിൽക്കാനാണ് തീരുമാനം. കോൺഗ്രസ് സിറ്റിങ് സീറ്റുകളായ കണ്ണൂരോ വടകരയോ വേണം എന്നാണ് ലീഗ് നിലപാട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടും ലീഗ് പരിഗണനയിലുണ്ട്.

Similar Posts