സഹകരണ മേഖലയിലെ ഇ.ഡി ഇടപെടൽ; യുഡിഎഫ്- എല്‍ഡിഎഫ് സഹകാരികള്‍ ഒരുമിക്കുന്നു
|കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കടുത്ത നടപടികളിലേക്ക് കടന്നതിന് പിന്നാലെ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ.ഡി.
കോഴിക്കോട്: സഹകരണ മേഖലയിലെ ഇ.ഡി ഇടപെടലിനെതിരെ യുഡിഎഫ്- എല്‍ഡിഎഫ് സഹകാരികള്‍ ഒരുമിക്കുന്നു. കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ഇരു മുന്നണികളിലെയും പാർട്ടികള്‍ നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളുടെ ഭാരവാഹികളെ ഉള്‍പ്പെടുത്തി കൂട്ടായ്മക്ക് രൂപം നൽകി.
സഹകരണ സംരക്ഷണ സമിതിയെന്ന പേരില്‍ കോഴിക്കോട് കേന്ദ്രമാക്കിയാണ് കൂട്ടായ്മ. സമിതിയുടെ പ്രക്ഷോഭ പരിപാടി സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കടുത്ത നടപടികളിലേക്ക് കടന്നതിന് പിന്നാലെ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ.ഡി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും ഇ.ഡി കടന്നിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് ബാങ്കുകളും സംഘങ്ങളും കേന്ദ്ര ഏജന്‍സിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒരുമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം. മെഹബൂബ് കണ്‍വീനറുമായുള്ള സഹകരണ സംരക്ഷണ സമിതിയാണ് രൂപീകരിച്ചത്.
സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഈ മാസം അഞ്ചിന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കരുവന്നൂർ വിഷയത്തില്‍ കോൺഗ്രസ് സമരത്തിലാണെന്നത് യോജിപ്പിന് തടസമല്ലെന്നാണ് ചേവായൂർ സഹകരണ ബാങ്കിന്റ പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവ് ജി.സി പ്രശാന്ത് കുമാർ പറയുന്നത്.
സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ ബിജെപി ഒഴികെയുള്ള പാർട്ടികള്‍ നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളാണ് കൂട്ടായ്മയിലുള്ളത്. സംസ്ഥാന വ്യാപകമായി ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം.