തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ഇന്ന്, എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
|യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷന്‍റെ അധ്യക്ഷതയിലാണ് യോഗം
തൃക്കാക്കര:തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷന്‍റെ അധ്യക്ഷതയിലാണ് യോഗം.
കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ എൽ.ഡി.എഫിനെതിരായി എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്നതടക്കം യോഗത്തിൽ ചർച്ചയാകും. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്ന വിമർശനം ചില നേതാക്കൾ യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത. സഹതാപ തരംഗം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന ഡൊമിനിക് പ്രസന്‍റേഷന്‍റെ പ്രസ്താവനയും ചർച്ചയാകും. വിവാദങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാകും യോഗത്തിൽ തീരുമാനമെടുക്കുക. അന്തരിച്ച പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്തുവില കൊടുത്തും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രധാനപ്പെട്ട നേതാക്കളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. എൽ.ഡി.എഫ് വിജയം ഉറപ്പാണെന്ന് ഇ.പി ജയരാജനും വ്യവസായ മന്ത്രി പി. രാജീവും പ്രതികരിച്ചു.