Kerala
യുഡിഎഫ് യോഗം ഇന്ന്; സ്വർണക്കടത്ത് കേസിലെ തുടർ സമരങ്ങൾക്ക് രൂപം നൽകും
Kerala

യുഡിഎഫ് യോഗം ഇന്ന്; സ്വർണക്കടത്ത് കേസിലെ തുടർ സമരങ്ങൾക്ക് രൂപം നൽകും

Web Desk
|
16 Jun 2022 12:51 AM GMT

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക കേരളസഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ സിപിഎം നേതൃത്വം നീക്കം നടത്തിയെങ്കിൽ അത് പ്രതിപക്ഷത്തിന് ഏശിയിട്ടില്ലെന്നും അവർ വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള സ്വപ്നയുടെ നീക്കത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും യുഡിഎഫ് യോഗത്തിൽ ചർച്ചയാവും. സ്വർണക്കടത്ത് ആരോപണം മുൻനിർത്തിയുള്ള കൂടുതൽ സമരങ്ങൾക്കും യോഗം രൂപം നൽകും. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്വർണക്കടത്ത് ആരോപണങ്ങൾ പ്രതിപക്ഷം സജീവമാക്കും. അതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ലോക കേരളസഭയിൽ നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിലും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നേരത്തെ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു. അതിനാൽ പങ്കെടുക്കാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനും ലീഗിനുമുള്ളത്.

എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളും ആർഎസ്പിയും പങ്കെടുക്കരുതെന്ന നിലപാടിലാണ്. സർക്കാരിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിൽ സഹകരണം വേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.

Similar Posts