Kerala
ksu,msf,udsf
Kerala

യു.ഡി.എസ്.എഫ് വിവാദം: എം.എസ്.എഫ് നിലപാട് അറിയിച്ചിട്ടില്ലെന്ന് കെ.എസ്.യു

Web Desk
|
19 March 2023 7:59 AM GMT

എംഎസ് എഫിന്റെ നിലപാട് അതാണെങ്കിൽ കെഎസ്‍യുവിനും അത് സ്വീകാര്യമാണ്

കോഴിക്കോട്: എംഎസ്എഫ് യുഡിഎഫ് വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. എം.എസ് എഫിന്റെ നിലപാട് അതാണെങ്കിൽ കെഎസ്‍യുവിനും അത് സ്വീകാര്യമാണ്. കാലിക്കറ്റ് സർവ്വകലാശാല തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടുകൾക്ക് യുഡിഎസ്എഫ് പരാജയപ്പെട്ടതോടെയാണ് എംഎസ്എഫ് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. കാമ്പുസുകളിൽ ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പുകളെ നേരിടാനാണ് എംഎസ്എഫ് തീരുമാനം. മുന്നണി വിടുന്ന കാര്യം അറിയിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും എംഎസ്എഫ് കത്തയച്ചു.

യുഡിഎസ്എഫ് കൺവീനർ സ്ഥാനത്തു നിന്ന് രാജിവെച്ചെന്ന് പി.കെ നവാസ് അറിയിച്ചു. യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ മുന്നണിക്കുള്ളിൽ ചതിയും വോട്ട് ചോർച്ചയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കെഎസ്‍യു വോട്ടുകൾ സംരക്ഷിക്കാൻ നേതൃത്വത്തിനായില്ല തുടങ്ങിയവയാണ് എംഎസ്എഫിന്റെ പ്രധാന ആരോപണങ്ങൾ.

200 ലധികം യുയുസിമാരുണ്ടായിരുന്ന എംഎസ്എഫ് മുന്നണി മര്യാദ കണക്കിലെടുത്ത് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനാർഥിത്വം മുപ്പതിൽ താഴെ യുയുസിമാർ മാർ ഉള്ള കെഎസ്‍യുവിന് നൽകി. എന്നിട്ടും കെഎസ്‍യുവിന്റെ എല്ലാ വോട്ടും യുഡിഎസ്എഫിന് കിട്ടിയില്ല.

Related Tags :
Similar Posts