Kerala
പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് യുജിസി; നിയമനത്തിനുള്ള സ്റ്റേ നീട്ടി
Kerala

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് യുജിസി; നിയമനത്തിനുള്ള സ്റ്റേ നീട്ടി

Web Desk
|
30 Sep 2022 10:20 AM GMT

യുജിസിക്ക് വേണ്ടി ഡൽഹിയിലെ യുജിസി എഡ്യൂക്കേഷൻ ഓഫീസാറാണ് സത്യവാങ്മൂലം നൽകിയത്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ നിയമനത്തിന് യോഗ്യതയില്ലെന്ന് യുജിസിയുടെ സത്യവാങ്മൂലം. സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്‌തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാനാകൂ എന്ന് സത്യവാങ് മൂലത്തിൽ യുജിസി വ്യക്തമാക്കി. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്‌കറിയ നൽകിയ ഹരജിയിലാണ് യുജിസി സത്യവാങ് മൂലം നൽകിയിരിക്കുന്നത്. പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.

സർവകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്. ഗവേഷണകാലവും,സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ കാലയളവും ഒഴിവായാൽ, എട്ട് വർഷത്തെ അധ്യാപന പരിചയത്തിന് പകരം ഹരജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയ വർഗീസിനുള്ളത്. യുജിസിക്ക് വേണ്ടി ഡൽഹിയിലെ യുജിസി എഡ്യൂക്കേഷൻ ഓഫീസാറാണ് സത്യവാങ്മൂലം നൽകിയത്.

തുടർന്ന് കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. എതിർ സത്യവാങ്മൂലം നൽകാൻ പ്രിയാ വർഗീസിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

Similar Posts