'തൃക്കാക്കരയിലെ വോട്ടർമാർക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പ്'; മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉമ തോമസ്
|സൗഭാഗ്യം എന്ന പ്രചാരണം അസംബന്ധമാണെന്ന് ഹൈബി ഈഡൻ
തൃക്കാക്കര: തൃക്കാക്കരയിലെ വോട്ടർമാർക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ്. ഇന്നലെ തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിലാണ് മുഖ്യമന്ത്രി ഇത്തരമൊരു പരമാർശം നടത്തിയത്. ഈ പരാമർശത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയോ എന്ന് തോന്നുന്നതായി ഉമ തോമസ് മീഡിയവണിനോട് പറഞ്ഞു. ' പി.ടി.തോമസിന്റെ പ്രവർത്തനത്തിനുള്ള മറുപടിയായിരുന്നു രണ്ടാം വിജയം. ഇത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും ഉമാ തോമസ് പറഞ്ഞു
അതേ സമയം സൗഭാഗ്യം എന്ന പ്രചാരണം അസംബന്ധമാണെന്ന് ഹൈബി ഈഡൻ എം.പിയും പ്രതികരിച്ചു. 'പി.ടി ഉയർത്തിയ വിഷയങ്ങളെ പലപ്പോഴും പിന്തുണച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച എം.എൽ.എ എന്നാണ് പി.ടി തോമസിനെക്കുറിച്ച് മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുളളതെന്നും ഹൈബി ഈഡൻ മീഡിയവണിനോട് പറഞ്ഞു.