കര കവിഞ്ഞ് ലീഡ്; ഉയരെ ഉമ
|ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചു
കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടരെത്തുടരെ ലീഡുയര്‍ത്തി യു.ഡി.എഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് 8000 കടന്നു. ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുള്ളൂ. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം ആഘോഷങ്ങള്‍ തുടങ്ങി.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പി.ടി തോമസ് നേടിയ ലീഡിനേക്കാള്‍ കൂടുതലാണ് ഉമയുടെ ലീഡ്. ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിന്‍റെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഉമയ്ക്ക് 1969 വോട്ടിന്‍റെ ലീഡ് ലഭിച്ചു. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.
ആദ്യ റൗണ്ടിൽ ഉമ തോമസ് 5978 വോട്ടും ജോ ജോസഫ് 3729 വോട്ടും എ എന്‍ രാധാകൃഷ്ണന്‍ 1612 വോട്ടും നേടി. രണ്ടാം റൗണ്ടിൽ ഉമ തോമസ് 12022 വോട്ടും ജോ ജോസഫ് 7906 വോട്ടും എ എന്‍ രാധാകൃഷ്ണന്‍ 2875 വോട്ടുമാണ് നേടിയത്. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് 19184 വോട്ടും ജോ ജോസഫ് 12697 വോട്ടും എ എൻ രാധാകൃഷ്ണൻ 4086 വോട്ടും നേടി. നാലാം റൗണ്ടില്‍ ഉമ തോമസ് 25556 വോട്ടാണ് നേടിയതെങ്കില്‍ ജോ ജോസഫ് 16628 വോട്ടും എ എൻ രാധാകൃഷ്ണൻ 5199 വോട്ടുമാണ് നേടിയത്. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് 30777ഉം ജോ ജോസഫ് 21391ഉം എ എൻ രാധാകൃഷ്ണൻ 6195ഉം വോട്ട് നേടി.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ഉമയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഉമ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ബി.ജെ.പിയാകട്ടെ കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്തുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടന്നു. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. 2011ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. 2011ല്‍ ബെന്നി ബെഹന്നാനും 2016ലും 2021ലും പി.ടി തോമസുമാണ് ജയിച്ചത്. 2016ല്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2021ല്‍ ഡോ ജെ ജേക്കബ്ബായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. ഇരു തെരഞ്ഞെടുപ്പുകളിലും പി.ടി തോമസാണ് ജയിച്ചത്.