''വിങ്ങിപ്പൊട്ടുന്ന ഉമച്ചേച്ചിയെ കണ്ടുനിൽക്കാനാവാതെ എത്രയോ തവണ മുഖം തിരിച്ചു''; വിവാദങ്ങളോട് വൈറൽ ചിത്രം പകർത്തിയ അരുൺ
|കലങ്ങിയ ഹൃദയത്തോടെ അമ്മമാർ ചേച്ചിയെ ചേർത്തുപിടിക്കുന്നത് അത്രയേറെ അടുത്ത് നിന്ന് കണ്ടയാളാണ് താനെന്നും അരുൺ
ആളുകൾ പി.ടി തോമസിന്റെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ വിങ്ങിപ്പൊട്ടുന്ന ഉമച്ചേച്ചിയെ കണ്ടുനിൽക്കാനുള്ള ശേഷിയില്ലാതെ എത്രയോ തവണ താനും തന്റെ ക്യാമറയും മുഖം തിരിച്ചിട്ടുണ്ടെന്ന് വൈറൽ ചിത്രം പകർത്തിയ അരുൺ ചന്ദ്രബോസ്. ഒരു വർഷം മുമ്പ് പി.ടിയോടൊപ്പം നടന്ന അതേ വഴികളിലൂടെയുള്ള യാത്ര, കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൾ നാലുപാടുനിന്ന് ഉയരുമ്പോഴും മനസ്സ് പറഞ്ഞിരുന്നു, തൃക്കാക്കരയിൽ ചരിത്രം പിറക്കുമെന്ന്. അരുൺ ചന്ദ്ര ബോസ് ഫേസ്ബുക്കിൽ കുറിച്ചു.
കലങ്ങിയ ഹൃദയത്തോടെ അമ്മമാർ ചേച്ചിയെ ചേർത്തുപിടിക്കുന്നത് അത്രയേറെ അടുത്ത് നിന്ന് കണ്ടയാളാണ് താനെന്നും അരുൺ വ്യക്തമാക്കി. എന്നും തൃക്കാക്കരയ്ക്കൊപ്പം നിന്ന പി ടിയുടെ വിയോഗത്തിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കേണ്ടിവന്ന ഉമ തോമസ് യുഡിഎഫിന് വമ്പൻ വിജയമാണ് സമ്മാനിച്ചത്. പി ടി തോമസിന്റെ ചിത്രത്തിന് മുന്നിൽ നെടുവീർപ്പോടെ നിൽക്കുന്ന ഉമ തോമസിന്റെ ചിത്രം വൈറലായതോടെ നിരവധി പേരാണ് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. അത്തരമൊരു ചിത്രം പുറത്തുവിട്ടതെന്തിന് എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.
അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:-
ഒരു കൊള്ളിയാൻ മിന്നിയ പോലെയാണ് പി ടി പോയത്. നടുങ്ങി പോയിരിക്കണം ഉമ ചേച്ചി. ആ നടുക്കത്തിലും വേദനയിലും നീറി നീറി പുകയുന്ന ഉമ ചേച്ചിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനൊപ്പം കഴിഞ്ഞ ഒരു മാസം. പ്രചരണ വാഹനത്തിൽ നിന്ന് പാട്ടുയരുമ്പോൾ, അനൗൺസ്മെൻറുകളിൽ പി ടി നിറയുമ്പോൾ, ആളുകൾ പി ടിയുടെ ഓർമകൾ പങ്കുവെക്കുമ്പോൾ, വിങ്ങിപ്പൊട്ടുന്ന ആ മുഖം കണ്ടു നിൽക്കാനുള്ള ശേഷിയില്ലാതെ എത്രയോ തവണ ഞാനും എന്റെ ക്യാമറയും മുഖം തിരിച്ചു. കണ്ണീരണിഞ്ഞ വ്യൂഫൈൻഡറിലൂടെ അവ്യക്തമായി കണ്ട ചിത്രങ്ങളെടുത്തു. ഒരു വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ പി ടിയോടൊപ്പം നടന്ന അതേ വഴികളിലൂടെയുള്ള യാത്ര. കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൾ നാലുപാടുനിന്ന് ഉയരുമ്പോഴും എന്റെ മനസ്സ് പറഞ്ഞിരുന്നു, തൃക്കാക്കരയിൽ ചരിത്രം പിറക്കുമെന്ന്. കാരണം, കലങ്ങിയ ഹൃദയത്തോടെ അമ്മമാർ ചേച്ചിയെ ചേർത്തുപിടിക്കുന്നത് അത്രയേറെ അടുത്ത് നിന്ന് കണ്ടതല്ലേ ഞാൻ.