Kerala
ഇടറാതെ, പതറാതെ ഉദിച്ചുയര്‍ന്ന് പി.ടിയുടെ ഉമ
Kerala

ഇടറാതെ, പതറാതെ ഉദിച്ചുയര്‍ന്ന് പി.ടിയുടെ ഉമ

Web Desk
|
3 Jun 2022 6:57 AM GMT

രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയല്ല

കൊച്ചി: പി.ടി തോമസ് എന്ന വിപ്ലവകാരിക്ക് അത്യുന്നതങ്ങളില്‍ നിന്നും ഇനി അഭിമാനിക്കാം. പ്രിയ സഖി കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ട കാത്തിരിക്കുന്നു. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും ഇടറാതെ, പതറാതെ വ്യക്തമായ ലീഡോടെയായിരുന്നു ഉമയുടെ മുന്നേറ്റം. കോണ്‍ഗ്രസിലെ എതിര്‍ശബ്ദങ്ങളെ പോലും നിശബ്ദമാക്കിക്കൊണ്ട് ഉമ ഉദിച്ചുയര്‍ന്നപ്പോള്‍ യു.ഡി.എഫിന് ഈ വിജയം പുതിയൊരു ആത്മവിശ്വാസം കൂടി നല്‍കിയിരിക്കുകയാണ്.

രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയല്ല. പി.ടി എന്ന പേരിനോടൊപ്പം അവര്‍ ഉമയെയും ചേര്‍ത്തുവച്ചിട്ടുണ്ട്. അതു തെളിയിക്കുന്നതാണ് ഉമയുടെ ഉജ്ജ്വല വിജയം. ഭര്‍ത്താവിന്‍റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പുതുമുഖമല്ല ഉമ. കോളേജ് കാലം തൊട്ടേ ഉമ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെ.എസ്.യുവിന്‍റെ കൊടിയേന്തിയ ഉമ അന്നുതൊട്ടിന്നോളം പിടിയുടെ രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്നു. പി.ടിക്കൊപ്പം തെരഞ്ഞെടുപ്പിലെല്ലാം പ്രിയപത്നി സജീവ സാന്നിധ്യമായിരുന്നു.

1980 മുതല്‍ 85 വരെയുള്ള മഹാരാജാസ് കോളജിലെ പഠനകാലത്ത് കെ.എസ്.യു പാനലില്‍ വൈസ് ചെയര്‍പേഴ്സണായും വനിതാ പ്രതിനിധിയായും ഉമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാസിലെ ആ കെ.എസ്.യുവും കാലമാണ് പിടി തോമസിനെയും ഉമയെയും ഒന്നാക്കിയതും ഒന്നിപ്പിച്ചതും. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഉമ കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ ഫിനാന്‍സ് അസിസ്റ്റന്‍റ് മാനേജറായി ജോലി നോക്കുമ്പോഴാണ് തൃക്കാക്കര അങ്കത്തിനുള്ള അവസരം വരുന്നത്. കന്നിയങ്കം അവര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉമ തോമസ് എന്ന ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിയിരുന്നു. ഉമയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുറുമുറുപ്പുകളുമുണ്ടായി. സഹതാപ തരംഗം തൃക്കാക്കരയില്‍ വിലപ്പോവില്ലെന്നായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞുനിന്ന കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്‍റേഷന്‍റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കെ.വി തോമസും മുഖം തിരിഞ്ഞുനിന്നു. എന്നാല്‍ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും. പി.ടിയെക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമ ജയിക്കുമെന്നായിരുന്നു വി.ഡിയുടെ പ്രവചനം. ആ പ്രവചനം സത്യമാവുകയും ചെയ്തു.

Similar Posts