'ഉമ്മൻ ചാണ്ടി, ഒരു നിഷ്‌കാമ കർമ്മയോഗി'; പുസ്തകം പ്രകാശനം ചെയ്തു
|ശശി തരൂർ എം.പിയാണ് പ്രകാശനം നിര്‍വഹിച്ചത്
ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന "ഉമ്മൻ ചാണ്ടി,ഒരു നിഷ്‌കാമ കർമ്മയോഗി' എന്ന പുസ്തകം പ്രകാശനം ചെയ്തു. ശശി തരൂർ എം.പിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും പുസ്തകം ഏറ്റുവാങ്ങി.
വിവിധ മേഖലകളിലെ വിദഗ്ധരുള്‍പ്പെടെയുളളവരുടെ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുളള അനുഭവക്കുറിപ്പുകളാണ് "ഉമ്മൻ ചാണ്ടി,ഒരു നിഷ്‌കാമ കർമ്മയോഗി' എന്ന പുസ്തകം . നിസ്വാര്‍ഥനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും ലാളിത്യം നിറഞ്ഞ പ്രവര്‍ത്തന ശൈലിയിലൂടെ കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയാണ് ഓരോ ഓര്‍മക്കുറിപ്പുകളെന്നും ശശി തരൂര്‍ പറഞ്ഞു.കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും നടപ്പിലായത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത് കൊണ്ടാണ്. ഇന്ത്യയിൽ ആദ്യമായി ഒരു സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഇ.ശ്രീധരൻ, ജസ്റ്റീസ് അബ്ദുൽ റഹീം, ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലുളളത്. ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.പി.എസ്.ശ്രീകുമാറാണ് പുസ്തകം എഡിറ്റ് ചെയ്തത്.