Kerala
പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ  ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃക; നിയമസഭയിൽ അനുസ്മരിച്ച് മുഖ്യമന്ത്രി
Kerala

'പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃക'; നിയമസഭയിൽ അനുസ്മരിച്ച് മുഖ്യമന്ത്രി

Web Desk
|
7 Aug 2023 4:47 AM GMT

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമനെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമനെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്.

ഉമ്മൻ ചാണ്ടി അനുശോചനം- മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

കേരളത്തിന്റെ ആദരണീയനായ മുന്‍ മുഖ്യമന്ത്രിയും ഈ പതിനഞ്ചാം നിയമസഭയിലെ അംഗവുമായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ശ്രീ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും - കെ കരുണാകരനും എ.കെ ആന്റണിയുമടക്കം - പാര്‍ലമെന്റ് അംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലുമായി അവരില്‍ മറ്റാരേക്കാളും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനം ചെയ്തു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം; ശ്രദ്ധേയനായ നിയമസഭാ സാമാജികനും.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.

രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് ഞാന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്.

കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച, നാലാം നിയമസഭ മുതല്‍ ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള നിയമസഭയുടെ അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

വക്കം പുരുഷോത്തമന്‍ അനുശോചനം - മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

കേരള നിയമസഭയുടെ മുന്‍സ്പീക്കറും സംസ്ഥാനത്തിന്റെ മുന്‍മന്ത്രിയും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ഒക്കെയായിരുന്ന ശ്രീ. വക്കം പുരുഷോത്തമന്‍ വിടവാങ്ങിയിരിക്കുകയാണ്. ഈ സഭയുടെ തന്നെ അധ്യക്ഷന്‍ എന്ന നിലയിലും പാര്‍ലമെന്റംഗം, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലും സംസ്ഥാനത്തെ വിവിധ മന്ത്രിസഭകളിലെ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ്.

അഭിഭാഷകവൃത്തിയില്‍ പേരും പെരുമയും കൈവരിച്ച അദ്ദേഹത്തിന് വേണമെങ്കില്‍ ആ രംഗത്തു തന്നെ തുടരാമായിരുന്നു. എന്നാല്‍ അദ്ദേഹം ജനസേവനത്തിന് വില കല്‍പ്പിച്ചു. അങ്ങനെ അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന നിത്യസാന്നിധ്യമായിരുന്നു.

സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് കേരളത്തിന്റെ ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ആര്‍ ശങ്കറായിരുന്നുവെന്ന് വക്കം പറയാറുണ്ടായിരുന്നു. എന്നാല്‍, അതുമാത്രമായിരിക്കില്ല വക്കത്തെ രാഷ്ട്രീയരംഗത്തേക്ക് ആകര്‍ഷിച്ചത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍, പ്രത്യേകിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളില്‍, സവിശേഷമായ സ്ഥാനമുള്ള നാടാണ് തിരുവനന്തപുരം ജില്ലയിലെ വക്കം. മാധ്യമരംഗത്തിനാകെ മാതൃകയായിത്തീര്‍ന്ന അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നാടാണത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഐ എന്‍ എയുടെ ഭാഗമായി പൊരുതിയ വക്കം ഖാദറിന്റെ നാടാണത്. അങ്ങനെ നിരവധി ചരിത്രസംഭവങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് വക്കം.

ആ നാടിന്റെ ചരിത്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജവും വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തെ മികവുറ്റ പ്രവര്‍ത്തനപരിചയവും അഭിഭാഷക വൃത്തിയിലൂടെ ലഭിച്ച അനുഭവസമ്പത്തുമെല്ലാം ഒന്നുചേര്‍ന്ന് വക്കം പുരുഷോത്തമനിലെ പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തി എന്നുവേണം കരുതാന്‍. അദ്ദേഹത്തിന്റെ ഉള്ളില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ വ്യക്തിത്വത്തെ പൊതുരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍ ശങ്കര്‍ ചെയ്തതെന്നു പറയേണ്ടിവരും.

ജനാധിപത്യപ്രക്രിയയുടെ ഒട്ടുമിക്ക തലങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് വക്കം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളില്‍ അദ്ദേഹം അംഗമായിട്ടുണ്ട്. അംഗമായിരുന്ന സഭകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത് അദ്ദേഹത്തിന് നേടിക്കൊടുത്ത ജനസമ്മതി വളരെ വലുതായിരുന്നു. അതുകൊണ്ടാണല്ലോ അഞ്ചുവട്ടം ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നുവട്ടം അദ്ദേഹം മന്ത്രിയായി. ധനകാര്യം, ആരോഗ്യം, എക്സൈസ്, തൊഴില്‍, കൃഷി, ടൂറിസം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളും അവധാനതയോടെ അദ്ദേഹം കൈകാര്യം ചെയ്തു. ഏറ്റെടുത്ത ചുമതലകള്‍ കൃത്യമായി നിറവേറ്റുന്നതോടൊപ്പംതന്നെ തന്റെ കീഴിലുള്ള വകുപ്പുകളെക്കുറിച്ച് ഗാഢമായി പഠിക്കാനും അവഗാഹത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു തവണ അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. രണ്ടുതവണ അദ്ദേഹം ഈ നിയമസഭയുടെ സ്പീക്കറായി. നിയമസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഈ സഭയുടെ ചരിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട അധ്യായങ്ങളാണ്.

രണ്ടു ടേമുകളിലായി പാര്‍ലമെന്റിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. മിസോറാം ഗവര്‍ണ്ണറായിരുന്നപ്പോഴും ആന്‍ഡമാന്‍ - നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴുമെല്ലാം ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവര്‍ത്തകര്‍ക്കാകെ, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെടുന്നവർക്കുള്ള മികച്ച ഒരു റഫറന്‍സാണ്.

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമന്‍. അദ്ദേഹം വിടവാങ്ങുമ്പോള്‍ ആ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുകയാണ്. ശ്രീ. വക്കം പുരുഷോത്തമന്റെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Similar Posts